photo
സഞ്ചാരികളുടെ വരവ് നിലച്ചതോടെ കച്ചവടമില്ലാതായതിനാൽ മൺറോത്തുരുത് എസ് വളവിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട ടാർപ്പാള കൊണ്ട് പൊതിഞ്ഞുകെട്ടി വച്ചിരിക്കുന്നു

കുണ്ടറ: പ്രളയം വിഴുങ്ങിയപ്പോഴും വിനോദ സഞ്ചാരത്തിലൂടെ പിടിച്ചുനിന്ന മൺറോത്തുരുത്ത് കൊവിഡ് ശക്തിപ്രാപിച്ചതോടെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തുകയാണ്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ടൂറിസം മേഖല പൂർണമായും അടഞ്ഞതോടെ മൺറോത്തുരുത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്.

റിസോർട്ട്, ഹോംസ്റ്റേ, മറ്റ് ടൂറിസം അനുബന്ധ മേഖലകളെ ആശ്രയിച്ചിരുന്നവരുടെയെല്ലാം വരുമാന മാർഗമടഞ്ഞു. ലക്ഷങ്ങൾ ലോണെടുത്ത് ഹോംസ്റ്റേകൾ ആരംഭിച്ചവരാകട്ടെ, കടക്കെണിയുടെ വക്കിലും. തുരുത്തിലെത്തുന്ന സഞ്ചാരികളെ കടത്തുവള്ളത്തിൽ കൊണ്ടുപോയി ഗ്രാമസൗന്ദര്യം കാണിച്ച് കുടുംബം പുലർത്തിയിരുന്നവരും പട്ടിണിയിലായി. അറ്റകുറ്റപ്പണി പോലും നടത്താൻ പണമില്ലാത്തതിനാൽ തങ്ങളുടെ വള്ളങ്ങൾ വെറുതെ കിടന്ന് നശിക്കുന്നത് കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ് ഇവർ.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വദേശികളായ സഞ്ചാരികൾക്കായെങ്കിലും സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ഒരു ഗ്രാമത്തിന്റെ ആശ്രയം

നാല് റിസോർട്ടുകളും മുപ്പത്തിയഞ്ചിലധികം ഹോംസ്റ്റേകളും നൂറിലധികം വള്ളങ്ങളുമാണ് മൺറോത്തുരുത്തിന്റെ വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്നത്. തുരുത്തിലെ എസ് വളവിൽ മാത്രം ദിവസവും സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. അവധി ദിവസങ്ങളിൽ ഇവിടേക്കുള്ള ആളുകളുടെ ഒഴുക്ക് ഇതിലും കൂടുതലാണ്.

 ഏഴ് മാസമായി മൺറോത്തുരുത്തിലേക്ക് ഒരു രൂപ പോലും വരുമാനം എത്താത്ത അവസ്ഥയാണ്‌. ടൂറിസം മേഖലയ്ക്ക് ഇളവുകൾ നൽകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. തുരുത്തിലെ ഹോംസ്റ്റേ, റിസോർട്ട് ഉടമകൾ ആത്മഹത്യയുടെ വക്കിലാണ്.

സജിത്

(മൺറോത്തുരുത്ത് നിവാസി)

 മൺറോത്തുരുത്തുകാർ തന്നെയാണ് ഇവിടത്തെ 99 ശതമാനം ടൂർ ഓപ്പറേറ്റർമാരും. വരുമാനം നിലച്ച് പട്ടിണിയിലാണ് ഇവരുടെ കുടുംബങ്ങൾ. പഞ്ചായത്തിലെ ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും താക്കോൽ ജില്ലാ ഭരണകൂടത്തിന്റെ പക്കലാണ്. എന്നാൽ മാസങ്ങളായി ഇവയുടെ വൈദ്യുതി ചാർജ് ഉൾപ്പെടെയുള്ള ചിലവുകൾ ഉടമകൾ തന്നെയാണ് വഹിക്കുന്നത്. അടിയന്തരമായി മൺറോത്തുരുത്തിനായി ധനസഹായം അനുവദിക്കണം.

ബിനു കരുണാകരൻ

(മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)