തിരുവനന്തപുരം: കണ്ടെയ്‌നർ ലോറിയിലെത്തിച്ച 20 കോടിയുടെ കഞ്ചാവ് പിടികൂടിയ കേസിലെ വില്ലനും കൂട്ടാളികളും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതോടെ അന്വേഷണ സംഘം വട്ടം കറങ്ങി. ആറ്റിങ്ങലിന് സമീപം ലോറിയുടെ കാബിനിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 501.5 കിലോ കഞ്ചാവ് കേസിലെ മുഖ്യപ്രതികളായ രാജുഭായ്, ജിതിൻരാജ്, കേരളത്തിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്ന സെബു എന്നിവർക്കായി ഇരുട്ടിൽതപ്പുകയാണ് അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽദീപ് സിംഗ് (32), ക്ലീനർ ജാർഖണ്ഡ് സ്വദേശി കൃഷ്ണ (23) എന്നിവരിൽ നിന്നാണ് രാജുഭായിയുടെയും കൂട്ടരുടെയും പേരുകൾ പുറത്തായതെങ്കിലും പേരുകൾ പോലും ശരിയാണോയെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.
മാസങ്ങളായി കോടികളുടെ കഞ്ചാവ് കേരളത്തിലേക്ക് കടത്തികൊണ്ടിരിക്കുന്ന ഇവർക്കെതിരെ കേരളത്തിനകത്തോ പുറത്തോ പെറ്റിക്കേസുപോലുമില്ലെന്നതാണ് വിചിത്രമായ സംഗതി. കുൽദീപ് സിംഗിനെയും കൃഷ്ണയേയും ചോദ്യം ചെയ്തപ്പോൾ അവരുടെ വായിൽ നിന്ന് പുറത്ത് വന്നതും ഫോൺ കോൾ ലിസ്റ്റിൽ സേവ് ചെയ്തിരുന്നതുമായ പേരുകൾ എന്നതിനുമപ്പുറം ഇവരെപ്പറ്റി യാതൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ മനസിലാക്കാനായിട്ടില്ല. പേരുകളും സ്ഥലവും യഥാർത്ഥമാണോയെന്നും ഉറപ്പില്ല.
കേസിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകണമെങ്കിൽ റിമാൻഡിൽ കഴിയുന്ന കുൽദീപ് സിംഗിനെയും കൃഷ്ണയെയും കസ്റ്റഡിയിൽ വാങ്ങണം. ഇതിനായി ഇന്ന് കോടതിയെ സമീപിക്കാനാണ് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണറുടെ തീരുമാനം. ചിറയിൻകീഴ് മുടപുരം സ്വദേശിയുടെ ഗോഡൗണിൽ സൂക്ഷിക്കാനായി മൈസൂരുവിൽ നിന്നു കൊണ്ടുവന്ന കഞ്ചാവാണ് ആറ്റിങ്ങൽ കോരാണിയിൽ നിന്ന് പിടികൂടിയത്. എന്നാൽ, മുടപുരം സ്വദേശി ആരാണെന്നതും ഇനിയും നിശ്ചയമില്ല. മുടപുരത്തെത്തുമ്പോൾ ജിതിൻ രാജിനെ ബന്ധപ്പെടാനായിരുന്നു ലോറി ഡ്രൈവർക്ക് ലഭിച്ചിരുന്ന നിർദേശം. ഇതുകാരണം മുടപുരത്തെ കഞ്ചാവ് മുതലാളിയാരാണെന്ന് അന്വേഷണസംഘത്തിന് ഇപ്പോഴും മനസിലാക്കാനായിട്ടില്ല.
കേരളത്തിലെ കടത്തും കാര്യങ്ങളും കോഴിക്കോട് സ്വദേശി ജിതിൻ രാജും, ചില്ലറ കച്ചവടം തൃശൂർ സ്വദേശി സെബുവുമാണ് നിയന്ത്രിച്ചിരുന്നതെന്ന സൂചനയാണ് എക്സൈസിനുള്ളത്. ഇതിൽ സെബു വിവാഹം കഴിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പൊലീസിന്റെയോ എക്സൈസിന്റെയോ പക്കൽ കേസുകളൊന്നുമില്ലാത്തതിനാൽ ഇവരെയെല്ലാം കണ്ടെത്തിയാലേ കടത്തിന്റെ ചുരുളഴിയൂ. കേരളത്തിനകത്തും മൈസൂരിലും ബംഗളൂരുവിലും ആന്ധ്രയിലും ഒരേസമയം അന്വേഷണം നടത്തേണ്ട കേസായതിനാൽ വിപുലമായ ഒരു അന്വേഷണ സംഘത്തെയാണ് എക്സൈസ് കമ്മിഷണർ ഇതിനായി നിയോഗിച്ചിരിക്കുന്നത്.
കടത്താൻ പോക്കറ്റ് മണി
തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചത്. ഹൈദരാബാദിലുള്ള പഞ്ചാബ് സ്വദേശി രാജു ഭായിയാണ് കഞ്ചാവ് ഒളിപ്പിച്ച വാഹനം കൈമാറിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. വയനാട്ടിൽ ഒരു മാസം മുമ്പ് പിടിച്ച 100 കിലോഗ്രാം കഞ്ചാവും രാജുഭായിയുടെ സംഘത്തിന്റേതായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കഞ്ചാവ് കേരളത്തിലെത്തിച്ച് തിരികെയെത്തുമ്പോൾ വഴിച്ചെലവ് കൂടാതെ പതിനായിരം രൂപാവീതമാണ് ഒരു ട്രിപ്പിന് ഡ്രൈവർക്കും ക്ളീനർക്കും പ്രതിഫലം നൽകിയിരുന്നത്. മൈസൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിൻ രാജാണ് രാജുഭായിയിൽ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി ഇടനിലക്കാർ വഴി വിൽപ്പന നടത്തിയിരുന്നതെന്നാണ് ഇപ്പോഴത്തെ വിവരം. രണ്ടുമുതൽ അഞ്ച് കിലോവരെയുള്ള 229 പൊതികളിലാക്കി ഡ്രൈവർ കാബിന് മുകളിലെ രഹസ്യ അറയിലാണ് ഒളിപ്പിച്ചിരുന്നത്. ആന്ധ്രാസ്വദേശി രാമകൃഷ്ണനെന്ന ആളുടെ പേരിലുള്ള ലോറിയാണ് പിടിക്കപ്പെട്ടിരിക്കുന്നത്. വാഹന ഉടമയ്ക്ക് ഇതുമായുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. ലോറി വാടകയ്ക്കെടുത്തതാണോ വിലയ്ക്ക് വാങ്ങിയതാണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ എക്സൈസ് സംഘം ആന്ധ്രയിലേക്ക് തിരിക്കും.
യു.പിയിലേക്കും കൊച്ചിയിലേക്കും
ആറ്റിങ്ങലിൽ പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ബാറ്ററി കവറുകളിൽ ഒളിപ്പിച്ച് 2000 കിലോ കഞ്ചാവ് കുൽദീപും കൃഷ്ണയും ഉത്തർപ്രദേശിലേക്കും പിന്നാലെ കൊച്ചിയിലേക്കും കടത്തിയിരുന്നതായി പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ വെളിപ്പെട്ടിരുന്നു. കൊച്ചിയിൽ കഞ്ചാവെത്തിച്ച സ്ഥലത്തെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. പ്രതികളെ പിടികൂടുകയോ ഫോണുകൾ കണ്ടെത്തുകയോ ചെയ്താൽ മാത്രമേ സാമ്പത്തിക ഇടപാടുകളിലും വ്യക്തതവരൂ.