കൊല്ലം: കൊവിഡ് രോഗവ്യാപനം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂർ, വെള്ളിമൺ മേഖലകളിലെ കോളനികളിൽ നിരീക്ഷണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൂഗിൾ മീറ്റ് വഴി ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഐ .സി .യു കിടക്കകളുടെ എണ്ണം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.
വീടുകൾ കേന്ദ്രീകരിച്ചുള്ള സമ്പർക്ക കേസുകൾ കൂടുതൽ
തുടക്കം മുതൽ കൃത്യമായി കണ്ടെയ്ൻ ചെയ്ത പ്രദേശങ്ങളിൽ ഇപ്പോൾ പോസിറ്റീവ് കേസുകൾ ക്രമാതീതമായി കുറഞ്ഞെന്നും പ്രാദേശിക സമ്പർക്കത്തെക്കാൾ വീടുകൾ കേന്ദ്രീകരിച്ചുള്ള സമ്പർക്ക കേസുകളാണ് കൂടുതലെന്നും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. നിലവിൽ കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, പെരിനാട്, പേരയം, ശൂരനാട് മേഖലകളിൽ നിന്നാണ് കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
സെക്കന്റ് ലൈൻ ചികിത്സാ കേന്ദ്രം
കൊല്ലം താലൂക്കിലെ രോഗികൾ കുറവുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും കിടക്കകൾ മാറ്റി ജില്ലാ ആശുപതിക്ക് സമീപം ഏറ്റെടുത്ത കെട്ടിടത്തിൽ സെക്കന്റ് ലൈൻ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. പരാതിക്കിടവരാത്ത വിധം ടെലിമെഡിസിൻ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തി ഗൃഹചികിത്സയെ പ്രോത്സാഹിപ്പിക്കും. കുട്ടികളും മുതിർന്ന പൗരൻമാരും ഒഴികെയുളളവർക്ക് മതിയായ സൗകര്യങ്ങൾ വീടുകളിൽ ഉറപ്പാക്കിയാണ് ഗൃഹചികിത്സ അനുവദിക്കുന്നത്. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ പഞ്ചായത്തുകൾ മുഖേന ശുചീകരണത്തൊഴിലാളികളെ നിയമിക്കുവാനും യോഗം തീരുമാനിച്ചു.
വെള്ളിമൺ കോളനിയിൽ സമ്പർക്കപ്പട്ടികയിൽപ്പെട്ടവർക്ക് ആരോഗ്യവകുപ്പിന്റെ മൊബൈൽ വാഹനം ഉപയോഗിച്ചുള്ള കൊവിഡ് പരിശോധനകൾ ഇന്ന് നടക്കും.