കൊല്ലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചവറ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സൈബർ യുദ്ധം തുടങ്ങിക്കഴിഞ്ഞു. കൊവിഡ് കാലമായതിനാൽ വീട്ടിൽ കയറിയുള്ള പ്രചാരണം കാര്യമായി നടക്കില്ലെന്ന തിരിച്ചറിവിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ സൈബർ പ്രചാരണം മുറുകിയത്.
സോഷ്യൽ മീഡിയയിൽ എന്തൊക്കെ പറയണം, പറയേണ്ട എന്ന കാര്യത്തിൽ താഴെത്തട്ട് വരെ ഗൗരവമായ പരിശീലനവും പദ്ധതിയും മൂന്ന് മുന്നണികളും തയ്യാറാക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ സ്ഥാനാർത്ഥിത്വത്തിന് യു.ഡി.എഫ് യോഗം ഔദ്യോഗിക അംഗീകാരം നൽകിയപ്പോൾ അദ്ദേഹം ഫേസ് ബുക്ക് ലൈവിലെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ കവലകളിൽ മൈക്ക് കെട്ടി ആളെ കൂട്ടി പ്രസംഗിക്കുന്നതിനേക്കാൾ ഫലം ചെയ്യും ഒറ്റ ഫേസ് ബുക്ക് ലൈവെന്ന് നേതാക്കൾക്കറിയാം. ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭ്യർത്ഥിക്കാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന് മങ്ങലില്ല. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ പ്രചാരകരും പ്രവർത്തകരും സജീവമാണ്. സ്വർണ കള്ളക്കടത്ത് മുതലുള്ള സർക്കാർ വീഴ്ചകൾ, അധികാര ദുർവിനിയോഗം തുടങ്ങി എണ്ണമറ്റ വിഷയങ്ങൾ അവതരിപ്പിക്കാൻ യു.ഡിഎഫ്, ബി.ജെ.പി ക്യാമ്പുകളും സൈബർ യുദ്ധമുറികളിൽ ഒരുങ്ങിക്കഴിഞ്ഞു. മുന്നണികളിലെ സാംസ്കാരിക വിഭാഗങ്ങൾ ഹ്രസ്വ ചിത്രങ്ങൾ തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.