secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടുമൂലമാണെന്ന്‌ ഉന്നതതല സമിതിയും സ്ഥിരീകരിച്ചു. അന്വേഷണത്തിന്‌ നേതൃത്വം നൽകിയ ദുരന്തനിവാരണ കമ്മിഷണർ ഡോ. എ കൗശിക്‌ റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറി.

പൊലീസ്‌, ഫോറൻസിക്‌, പൊതുമരാമത്ത് വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന വിധത്തിൽ ഉന്നതതല സമിതിയും റിപ്പോർട്ട് സമർപ്പിച്ചതോടെ സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച അന്വേഷണത്തിന് അവസാനമായി. സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാദ്ധ്യതകൾ ഒന്നുമില്ലെന്നാണ്‌ സമിതിയുടെ കണ്ടെത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തത്തിൽ അട്ടിമറി ആരോപണവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വ്യത്യസ്ത നിലകളിലുളള അന്വേഷണ സംഘങ്ങളെ ചുമതലപ്പെടുത്തിയത്‌.

പൊതുമരാമത്ത്‌ വകുപ്പാണ്‌ സംഭവത്തിൽ ആദ്യറിപ്പോർട്ട്‌ നൽകിയത്‌. ഓഫീസിലെ ഫാനിന്റെ വൈദ്യുതി ബന്ധത്തിൽനിന്നുണ്ടായ തീയാകാം കടലാസുകളിലേക്ക്‌ പടർന്നതെന്നായിരുന്നു പൊതുമരാമത്തിലെ സംഘത്തിന്റെ റിപ്പോർട്ട്. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെ പൊലീസ്‌ ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിൽ സംഭവം അന്വേഷിച്ച പൊലീസും അട്ടിമറി സാദ്ധ്യത തള്ളി. ഷോർട്ട്‌ സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. സി.സി ടി.വി ദൃശ്യങ്ങൾ സഹിതം പരിശോധിച്ചായിരുന്നു സംഘം നിഗമനത്തിലെത്തിയത്‌.ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളും ഇത് ശരിവച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മൊഴികൾ, കാമറ ദൃശ്യങ്ങൾ, ഫോൺകോൾ വിശദാംശങ്ങൾ, ഫോറൻസിക് ഫലങ്ങൾ എന്നിവയൊക്കെ അടിസ്ഥാനമാക്കി വിവിധ ഏജൻസികൾ നടത്തിയ അന്വേഷണം ഒരേനിഗമനത്തിലെത്തിയതിനാൽ ദുരൂഹതകൾക്ക് അടിസ്ഥാനമില്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം.