popular-finance

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിൽ തട്ടിപ്പുകളുടെ മുഖ്യസൂത്രധാരൻ സ്ഥാപന ഡയറക്ടർമാരുടെ കുടുംബ സുഹൃത്തായ തൃശൂർ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ ആസൂത്രണവും വക്രബുദ്ധിയുമാണ് വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപം സമാഹരിക്കാനും തട്ടിപ്പ് നടത്താനും ഡയറക്ടർമാരെ പ്രേരിപ്പിച്ചതെന്ന നിർണായക വിവരമാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയെ കണ്ടെത്താനും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാനും അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇയാൾക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് പൊലീസ് വ്യാപിപ്പിച്ചു. ആന്ധ്രയിലെ മത്സ്യ കയറ്റുമതി സ്ഥാപനം, തമിഴ്‌നാട്ടിലെ ശീതള പാനിയ വിതരണ ബിസിനസ്, കമ്പ്യൂട്ടർ ഇറക്കുമതി ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങളും പോപ്പുലറിന്റെ വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകളുമാണ് പൊലീസ് അന്വേഷിക്കുന്നത്. പോപ്പുലറിന് ഈ സംസ്ഥാനങ്ങളിൽ വസ്തു ഇടപാടുകൾ ഉണ്ടായിരുന്നത് സംബന്ധിച്ച തെളിവും പൊലീസ് ശേഖരിക്കുന്നുണ്ട്. പോപ്പുലറിന്റെ ഉടമസ്ഥതയിൽ 22 വസ്തുവകകൾ അന്വേഷണ സംഘം കണ്ടെത്തി.പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തെളിവെടുപ്പ് തുടരുന്നതിനിടെ ഉടമകൾ ജാമ്യത്തിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

പോപ്പുലർ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഡയറക്ടർമാരായ പ്രഭാ തോമസ്, ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരെ ഇന്നലെ തിരുവനന്തപുരത്തെ വിവിധ ബാങ്കുകളുടെ ശാഖകളിലെത്തിച്ച് തെളിവെടുത്തു. പോപ്പുലർ ഫിനാൻസിലെ ഡ്രൈവർമാരുടെ പേരിലടക്കം ഇവർ സ്വർണം പണയം വച്ചതായി കണ്ടെത്തി. ഈ പണയ അക്കൗണ്ടുകൾ കണ്ടെത്താനും പണയ സ്വർണം കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമം തുടങ്ങി.

പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന റീനു മറിയം തോമസ്, റബേക്ക മേരി തോമസ് എന്നിവരുമായി അന്വേഷണസംഘം എറണാകുളത്ത് തെളിവെടുപ്പ് നടത്തി. ഇവർക്ക് എറണാകുളത്ത് ഫ്‌ളാറ്റുകൾ, വില്ലകൾ, ലോഡ്ജുകൾ എന്നിവയുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേലുമായി കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷും സംഘവും ആന്ധ്രാപ്രദേശിലും തെളിവെടുപ്പ് തുടരുകയാണ്.

ഉടമകളുടെ പേരിലുള്ള ഒരുഡസനോളം ആഡംബര വാഹനങ്ങളും പൊലീസ് കണ്ടെത്തി. ശിക്ഷാ നിയമം 420 പ്രകാരമുള്ള കേസായതിനാൽ രണ്ട് മാസത്തിനകം കുറ്റംപത്രം സമർപ്പിച്ചില്ലെങ്കിൽ കോടതി പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിക്കാൻ സാദ്ധ്യതയുണ്ട്. അതിനു മുൻപ് ഒരു കേസിലെങ്കിലും കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ ഞായറാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. 2014 മുതൽ സ്ഥാപനം നഷ്ടത്തിലാണ്. ഇത് മറച്ചുവച്ചാണ് ബ്രാഞ്ചുകൾ തുടങ്ങി നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഇവിടെ ജോലിയുണ്ടായിരുന്ന ചില റിട്ട. ഉദ്യോഗസ്ഥർക്ക് സ്ഥാപനം പൊളിയുമെന്ന് നേരത്തേ സൂചന നൽകിയിരുന്നു. ഡയറക്ടർമാരെല്ലാം പിടിയിലായി അന്വേഷണം പുരോഗമിക്കുമ്പോഴും നിക്ഷേപം എങ്ങനെ തിരിച്ചുകിട്ടുമെന്നറിയാതെ അങ്കലാപ്പിലാണ് നിക്ഷേപകർ.