yuvamorcha
സിഡ്കോയിൽ അനധികൃതമായി താത്കാലിക നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായെത്തി അഭിമുഖം തടസപ്പെടുത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

 ജില്ലാ നേതാക്കൾക്ക് പരിക്ക്

കൊല്ലം: താത്കാലിക നിയമനങ്ങൾക്കായി സിഡ്‌കോ നടത്തിയ അഭിമുഖത്തിനിടെ യുവമോർച്ച പ്രതിഷേധം. ഇന്നലെ രാവിലെ ഒൻപതോടെയാണ് ബീച്ച് റോഡിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് അഭിമുഖം നടന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെയാണ് 18 ഒഴിവുകളിൽ സിഡ്കോ താത്കാലിക നിയമനം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ തള്ളിക്കയറിയത്. അഭിമുഖം തടസപ്പെടുത്താൻ ശ്രമിച്ച പ്രവർത്തകെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ബലപ്രയോഗത്തിലാണ് അവസാനിച്ചത്.

യുവമോർച്ച ജില്ല വൈസ്‌ പ്രസിഡന്റ് ജമുൻജഹാംഗീറിനും സെക്രട്ടറി അനീഷ് ജലാലിനും തോളെല്ലിന് പരിക്കേറ്റു. സി.പി.എം അനുഭാവികളെ നിയമിച്ച് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിന്റെ നേതൃത്വത്തിലാണ് ആദ്യം പ്രവർത്തകരെത്തിയത്. ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കിയതോടെ ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ കുടൂതൽ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ബലപ്രയോഗവുമുണ്ടായത്.
ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് ചോഴത്തിൽ, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ബാബുൽദേവ്, ധനീഷ്, ജില്ലാസെക്രട്ടറി ദീപു പത്തനാപുരം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആരോപിച്ച് പ്രവർത്തകർ പിന്നീട് വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.