civid

 കൊവിഡ് കേസുകൾ വർദ്ധിച്ചിട്ടും ജനക്കൂട്ടം

കൊല്ലം: ചുറ്റുവട്ടങ്ങളിലെല്ലാം കൊവിഡ് രോഗികളെന്ന ഗുരുതര സാഹചര്യത്തിലേക്ക് കൊല്ലമെത്തിയിട്ടും ജനങ്ങൾ സ്വയം പ്രതിരോധത്തിൽ വീഴ്ച തുടരുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.

രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണവുമേറി. വീടുകൾ കേന്ദ്രീകരിച്ചുള്ള സമ്പർക്ക രോഗബാധിതരുടെ എണ്ണമാണ് ഉയരുന്നത്. വ്യക്തിശുചിത്വവും സാമൂഹിക അകലവും മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെന്ന് തിരിച്ചറിഞ്ഞിട്ടും പൊതു ഇടങ്ങളിലെല്ലാം സാമൂഹിക അകലം മറന്നു.

ബാങ്കുകൾ, വ്യാപാര കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, കമ്പോളങ്ങൾ, വിവിധ ഓഫീസുകൾ, പൊതു നിരത്തുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലെല്ലാം സാമൂഹിക അകലം ഇല്ലാതായി. രോഗികളുടെ എണ്ണം അനുദിനം ഉയരുന്നത് കൊവിഡ് ചികിത്സാ രംഗത്തും പ്രതിസന്ധികൾ ഉയർത്തുകയാണ്. മതിയായ ചികിത്സ കൊവിഡ് രോഗികൾക്കും മറ്റ് രോഗികൾക്കും നൽകാൻ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും നിതാന്ത പരിശ്രമത്തിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐ.സി.യു കിടക്കകൾ അടിയന്തരമായി വർദ്ധിപ്പിക്കും. ശാസ്‌താംകോട്ട, ഇളമ്പള്ളൂർ, വെള്ളിമൺ മേഖലകളിലെ കോളനികളിൽ കൊവിഡ് വ്യാപനമുണ്ടായതിനാൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുകയാണ്.

 കൊവിഡ് ചികിത്സ വീടുകളിലേക്ക്


1. ടെലിമെഡിസിൻ സംവിധാനത്തിലൂടെ കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകുന്നത് വ്യാപിപ്പിക്കും

2. കുട്ടികൾ, മുതിർന്ന പൗരൻമാർ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് ഗൃഹചികിത്സ നൽകില്ല

3. അടുത്ത വീടുകളിൽ കൊവിഡ് ബാധിതർ ഉണ്ടെന്ന് കരുതി പരിഭ്രാന്തി വേണ്ട

4. മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇവർ ചികിത്സയിൽ കഴിയുന്നത്

5. കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, പെരിനാട്, പേരയം, ശൂരനാട് മേഖലകളിൽ കൊവിഡ് അതിവ്യാപനം

6. പവിത്രേശ്വരം, പത്തനാപുരം, പുത്തൂർ മേഖലകളിൽ ഉറവിടം വ്യക്തമല്ലാത്ത രോഗികൾ കൂടുന്നു

 ആഘോഷിച്ചും സദ്യയുണ്ടും രോഗം വള‌ർത്തി


അടുത്തിടെ കൂട്ടമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളെല്ലാം വിവിധ ചടങ്ങുകളിൽ പങ്കെടുത്തവരിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. കൂട്ടമായി സദ്യ ഉണ്ടവരിൽ നിന്ന് സമ്പർക്കത്തിലൂടെയും രോഗം പടർന്നു. നിയന്ത്രണങ്ങളെല്ലാം അവഗണിച്ച് വൻ തോതിൽ ആളെ കൂട്ടിയാണ് അടുത്തിടെ ജില്ലയിൽ പലയിടത്തും ചടങ്ങുകൾ നടന്നത്. ചിലർ വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഇത്തരം ചടങ്ങുകളെല്ലാം രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വിവാഹം, വിവാഹ നിശ്ചയം, മരാണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിയാൽ നടപടിയുണ്ടാകും.

 പ്രതിരോധത്തിലെ വീഴ്ച ഇങ്ങനെ

1. വ്യക്തികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുന്നില്ല

2. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുന്നില്ല

3. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് വൃത്തിയായി കഴുകുന്നില്ല

4. കണ്ണിലും മൂക്കിലും വായിലും കൈകൾ കൊണ്ട് നിരന്തരം തൊടുന്നു

5. പെതുസ്ഥലങ്ങളിലെ ബ്രേക്ക് ദി ചെയിൻ ഇല്ലാതായി

 ''

സമ്പർക്കത്തിലൂടെ മാത്രമേ രോഗവ്യാപന സാദ്ധ്യതയുള്ളൂ. ചടങ്ങുകളിൽ പരമാവധി ആളുകളെ കുറയ്ക്കണം.

ഡോ. ആർ. ശ്രീലത

ജില്ലാ മെഡിക്കൽ ഓഫീസർ