അഞ്ചാലുംമൂട്: മാലിന്യനിക്ഷേപം മൂലം ദുർഗന്ധപൂരിതമായ നീരാവിൽ പമ്പ് ഹൗസ് പരിസരം ഇന്ന് ജീവനക്കാരുടെയും നാട്ടുകാരുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ ആരാലും ശ്രദ്ധിക്കപ്പെടുന്ന ഉദ്യാനമായി മാറിയിരിക്കുകയാണ്.
പമ്പ്ഹൗസിലെ ജീവനക്കാരനായ അനിൽ സി. കുരീപ്പുഴയാണ് ഇത്തരം ഒരാശയവുമായി മുന്നിട്ടിറങ്ങിയത്. പിന്തുണയുമായി മറ്റ് ജീവനക്കാരായ കിഷോർ, രാജീവൻ, കാർത്തികേയൻ എന്നിവരും ഒപ്പം കൂടി. ലോക്ക്ഡൗണിന്റെ തുടക്കം മുതൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തിടെയാണ് പൂർത്തിയായത്. കുറച്ച് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി ഓണക്കാലത്ത് നാടൻ പച്ചക്കറിയും വിളവെടുത്തു.
ഉദ്യാനത്തിന്റെ പണികൾ പുരോഗമിക്കവേ എസ്.എൻ.ഡി.പി യോഗം നീരാവിൽ ശാഖാ സെക്രട്ടറി അംശു (ബിജു), പ്രേംസുധ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും യുവജനങ്ങളും ഒരുമിച്ച് ചെറിയൊരു പാർക്കിന്റെ നിലയിലേക്ക് ഇവിടം മാറ്റിയെടുത്തു. കവുങ്ങ് കൊണ്ടുണ്ടാക്കിയ വേലിയിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് അലങ്കരിച്ച് അവയിൽ ചെടികൾ വച്ചുപിടിപ്പിച്ചു.
യുവശില്പികളായ ബിനോയ്, ശരത് എന്നിവർ പ്രതിഫലമൊന്നും വാങ്ങാതെ ശില്പങ്ങളും ചെറുവെള്ളച്ചാട്ടവും നിർമ്മിച്ചുനൽകി. ഇപ്പോൾ നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്‌കൂൾ പരിസരവും ഉദ്യാനമാക്കാനുള്ള പ്രവർത്തനം ഇവർ ആരംഭിച്ചിരിക്കുകയാണ്.
പൊളിഞ്ഞു വീഴാറായി കെട്ടിടം
ഉദ്യാനവും പാർക്കുമൊക്കെ നിർമ്മിച്ച് അഭിമാനം കൊള്ളുമ്പോഴും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് നീരാവിൽ പമ്പ് ഹൗസ് ജീവനക്കാർ. 1983ൽ നിർമ്മിച്ച വാട്ടർടാങ്കിനോട് ചേർന്നുള്ള കെട്ടിടത്തിനും അത്രയും തന്നെ പഴക്കമുണ്ട്.
വാഹനാപകടത്തെ തുടർന്ന് അംഗപരിമിതനായ അനിൽ സി. കുരീപ്പുഴയാണ് മിക്കപ്പോഴും കെട്ടിടത്തിലുണ്ടാവുക. ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ രക്ഷപ്പെടാൻ പോലും ഇദ്ദേഹത്തിനായെന്ന് വരില്ല. ശക്തമായ മഴയത്തോ മറ്റോ തകർന്നുവീഴുന്നതിന് മുമ്പ് കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.