hos

 ജില്ലാ ആശുപത്രിയിൽ രോഗികൾ നിറഞ്ഞു

കൊല്ലം: ജില്ലാ ആശുപത്രിയിലെ കൊവിഡ‌് വാർഡുകൾ രോഗികളെ കൊണ്ട് നിറഞ്ഞു. പുതിയ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത വിധം ഐ.സി.യുവുകളും വെന്റിലേറ്ററുകളും നിറഞ്ഞിരിക്കുകയാണ്.

200 കിടക്കകളാണ് കൊവിഡ് ബാധിതർക്കായി സജ്ജമാക്കിയിട്ടുള്ളത്. ഇത് പൂർണമായും നിറഞ്ഞു. നിലവിൽ ചികിത്സയിലുള്ളവർ രോഗമുക്തരായാലേ പുതിയ രോഗികളെ പ്രവേശിപ്പിക്കാനാകൂ. കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് നിരീക്ഷിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സിക്കുന്നത്. ഗുരുതരാവസ്ഥയിൽ ഉള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. നേരത്തെ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ തന്നെ രോഗലക്ഷണങ്ങൾ ഉള്ളവർ കുറവായിരുന്നു. അതുകൊണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് കൂടുതൽ പേരെ എത്തിച്ചിരുന്നത്. ഇപ്പോൾ കൊവിഡ് വ്യാപനത്തോടൊപ്പം രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണവും വർദ്ധിച്ചതോടെയാണ് ജില്ലാ ആശുപത്രി നിറഞ്ഞത്. രോഗലക്ഷണമുള്ളവരെ ഇപ്പോൾ ജില്ലാ ആശുപത്രിക്ക് പുറമേ എസ്.എൻ ലോ കോളേജിലും നെടുമ്പന സി.എച്ച്.സിയിലും ആരംഭിച്ച സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിക്കുകയാണ്.

രോഗിയുടെ നില വഷളാകുമ്പോൾ ആദ്യം ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്കാണ് മാറ്റുന്നത്. പിന്നീടാണ് പാരിപ്പള്ളിലേക്ക് കൊണ്ടുപോകുന്നത്. കാർഡിയോളജി ഐ.സി.യുവാണ് കൊവിഡ് ഐ.സി.യുവായി സജ്ജമാക്കിയത്. ഏഴ് കിടക്കകളുള്ള കാർഡിയോളജി ഐ.സി.യുവിന് പുറമേ നാല് കിടക്കകളുള്ള എം.ഐ.സി.യുവും നിറഞ്ഞിരിക്കുകയാണ്. നേരത്തെ രണ്ടിടത്തും കൂടി 16 പേരെ ചികിത്സിക്കാമായിരുന്നു. വെന്റിലേറ്റർ കൂടി സജ്ജീകരിച്ചതോടെയാണ് കിടക്കകളുടെ എണ്ണം കുറഞ്ഞത്.

 ''

കാർഡിയോളജി ഐ.സി.യുവിനോട് ചേർന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ ഐ.സി.യു നിർമ്മാണം അന്തിമഘട്ടത്തിലാണ്. എത്രയും വേഗം നിർമ്മാണം പൂർത്തിയായാൽ ഇവിടെ പത്തുപേരെ കൂടി ചികിത്സിക്കാനാകും. ഇക്കാര്യം ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ അനുവദിച്ചാൽ 50 പേർക്ക് കൂടിയുള്ള സാധാരണ കിടക്ക സജ്ജമാക്കാം.

ഡോ. വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്

 ആകെ കിടക്കകൾ: 200

 നിലവിൽ ചികിത്സയിലുള്ളവർ: 200

 ഐ.സി.യുവിലെ കിടക്കകൾ: 11

 ചികിത്സയിലുള്ളവർ: 11