നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുമാസത്തേയ്ക്ക് മാറ്റിവയ്ക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ പ്രതികരിച്ചാലും ചവറയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടരും.
യു.ഡി.എഫ് സൈബർ തേരാളികളെ ഇറക്കിയിട്ട് നാളേറെയായി. ഇക്കുറി ചവറയിൽ യു.ഡി.എഫ് പ്രചാരണം താഴേത്തട്ടിലേയ്ക്ക് സജീവമാണ്. കാരണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഷിബു ബേബി ജോൺ തന്നെയാണ് സ്ഥാനാർത്ഥി.
നേരത്തെ ചവറയിലുള്ള ഒരു നേതാവിന് വേണ്ടി ഇടത് മുന്നണിയിലെ സൈബർ നായകന്മാർ രംഗത്ത് എത്തിയിരുന്നു. അതൊരു സ്ഥാനാർത്ഥി പ്രഖ്യാപനം പോലെയായെന്ന് സഖാക്കളാകെ വിലയിരുത്തിയപ്പോൾ അത്തരം പ്രചാരണം നിറുത്തി. പക്ഷേ മറ്റൊരുതരത്തിൽ പ്രചാരണം നടത്തണമെന്നാണ് സി.പി.എമ്മിനുള്ളിൽ ശക്തമായി ഉയരുന്ന അഭിപ്രായം.
അടുത്ത തിരഞ്ഞെടുപ്പിന് അഞ്ചുമാസം മുൻപേ ഷിബു ബേബി ജോൺ ഡിജിറ്റലായും മറ്റും പ്രചാരണം നടത്തുമ്പോൾ മുന്നണി ഏറെ പിന്നിലായേക്കുമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് സ്ഥാനാർത്ഥിയെ പറയാതെ ഡിജിറ്റൽ പ്രചാരണം തുടരാമെന്നാണ് വലിയ സഖാക്കളുടെ പക്ഷം.
കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗത്തിൽ കുറച്ച് പിന്നിലുള്ള സഖാക്കൾ മറ്റൊന്നും ചോദിക്കുന്നുണ്ട്. അതൊക്കെ വോട്ടാവുമോ സഖാവേ. വോട്ടാവും സഖാവേ എന്നാണ് ചെറുപ്പക്കാരായ സഖാക്കളുടെ പക്ഷം. പണ്ട് കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ സഖാക്കൾ എതിർത്തത് പുലിവാലാക്കിയിരുന്നു. ഇന്നിപ്പോ മൊത്തത്തിൽ ഡിജിറ്റലല്ലേ. മുഖ്യമന്ത്രി മുതൽ തഹസീൽദാർമാർ വരെയും പള്ളിക്കൂടം പിള്ളാർ മുതൽ സാറുമ്മാരുവരെ ഡിജിറ്റൽ അല്ലേ. അതുകൊണ്ട് പഴയ സഖാക്കൾ എന്ത് ധരിച്ചാലും വിഷയമില്ല പുതിയ സഖാക്കൾ ചവറയിൽ ഡിജിറ്റൽ പ്രചാരണം തുടരും.