കൊല്ലം: ചെമ്മാൻമുക്ക് പാലത്തിൽ റോഡിന് കുറുകെ കിഫ്ബി കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ പൂർത്തിയായെങ്കിലും റോഡ് പുനർനിർമ്മിക്കാത്തതിനാൽ യാത്രക്കാർ ഗതാഗത കുരുക്കിൽ നട്ടംതിരിയേണ്ട അവസ്ഥ. കടപ്പാക്കട - കപ്പലണ്ടി മുക്ക് റോഡ് ടാറിംഗിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ടാറിംഗിന് മുമ്പ് പൈപ്പിടാൻ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിടീൽ പൂർത്തിയാക്കിയെങ്കിലും റോഡ് ടാറിംഗ് ആരംഭിക്കാത്തതാണ് പ്രശ്നമായത്.
പൈപ്പിടാനായി തുരന്ന ചെമ്മാൻമുക്ക് പാലത്തിന്റെ ഒരുഭാഗം മണ്ണിട്ട് നികത്തിയെങ്കിലും ഒറ്രവരിയിലൂടെയാണ് ഇവിടെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. മണ്ണിട്ട് താത്കാലികമായി നികത്തിയ ഈ ഭാഗത്ത് ദിവസങ്ങൾക്ക് മുമ്പ് ലോറികളുടെ ടയറുകൾ താഴ്ന്നതോടെയാണ് ഇത്തരത്തിലൊരു ക്രമീകരണം. മീറ്ററുകളോളം ഒരുവശം ചേർന്ന് വരിവരിയായി വാഹനങ്ങൾ കടന്നുപോകേണ്ടി വന്നതോടെ ചെമ്മാൻമുക്ക് ഗതാഗത കുരുക്കിൽ ശ്വാസംമുട്ടുകയാണ്.
അയത്തിൽ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും കപ്പലണ്ടി മുക്കിൽ നിന്ന് കടപ്പാക്കട ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുമാണ് ചെമ്മാൻമുക്കിലെ കുരുക്കിലകപ്പെടുന്നത്. മഴകൂടിയായതോടെ ഗതാഗത കുരുക്കിനൊപ്പം അപകടസാദ്ധ്യതയും വർദ്ധിച്ചു. സാധാരണ രാവിലെയും വൈകുന്നേരവുമാണ് ഇവിടെ രൂക്ഷമായ തിരക്കനുഭവപ്പെടുന്നത്. എന്നാൽ ഈ സമയത്ത് പോലും പൊലീസ് ഇവിടെ ശ്രദ്ധിക്കാറില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
34 കോടിയുടെ കുടിവെള്ള പദ്ധതി
മണിച്ചിത്തോട്ടിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്ന് നഗരത്തിലൂടെ എട്ട് കിലോമീറ്റർ അകലെ കളക്ടറേറ്റിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വെള്ളം സംഭരിക്കുന്നതിനുള്ള പൈപ്പ്ലൈനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 34 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം. ക്യു.എ.സി റോഡിലൂടെ റെയിൽവേ ലൈൻ കടന്ന് ഡി.സി.സി ഓഫീസ്, താമരക്കുളം, കല്ലുപാലം വഴിയാണ് പൈപ്പ് ലൈൻ കളക്ടറേറ്റിലെ ജലസംഭരണിയിലെത്തുക.
പുനർനിർമ്മാണം ഉടൻ
കളക്ടറേറ്റിലെയും പരിസരത്തെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണിത്. റോഡിന്റെ പുനർനിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കും.
എ.ഇ, കൊല്ലം ജല അതോറിറ്റി
നഗരമദ്ധ്യത്തിലെ പ്രധാന ജംഗ്ഷൻ
നഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളാണ് ചെമ്മാൻമുക്കിലൂടെ കടന്നുപോകുന്നത്. കടപ്പാക്കട, കപ്പലണ്ടിമുക്ക്, അയത്തിൽ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളെല്ലാം പലവഴിക്ക് തിരിയുന്നത് ചെമ്മാൻമുക്ക് പാലത്തിൽ വച്ചാണ്. കൊല്ലത്ത് നിന്ന് കിഴക്കൻ മേഖലകളിലേക്കും ബൈപ്പാസിലേക്കുമുള്ള വാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്.