കൊല്ലം: തമിഴ്നാട്ടിൽ നിന്ന് വാഴക്കുല കയറ്റിക്കൊണ്ടുവന്ന ലോറിയിൽ ലഹരി ഗുളികകൾ കടത്തിയ കേസിൽ ഒരാളെ കൂടി കൊല്ലം അസി.എക്സൈസ് കമ്മിഷണർ ബി. സുരേഷും സംഘവും അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണറിൽ നിന്ന് വള്ളക്കടവിൽ താമസിക്കുന്ന നഹാസാണ് (35) അറസ്റ്റിലായത്. കേസിൽ മൂന്നുപേർകൂടി എക്സൈസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ആഗസ്റ്ര് 13ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സി.ഐ ബിനുവും സംഘവും നടത്തിയ പരിശോധനയിലാണ് 864 ട്രമഡോൾ ഗുളികകളുമായി ലോറി ഡ്രൈവറായ സെന്തിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാം പ്രതിയായ നഹാസ് പിടിയിലായത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്ര് ഉണ്ടായേക്കുമെന്ന് എക്സൈസ് അറിയിച്ചു.