photo
കരുനാഗപ്പളി റെയിഷവേ സ്റ്റേഷൻ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ റദ്ദാക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തിനെതിരെ നാട്ടിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രാരും നാട്ടുകാരും നിരന്തരമായി നടത്തിയ സമരത്തിന്റെ ഫലമായാണ് ദീർഘദൂര ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുകൾ അനുവദിച്ചത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ള വഞ്ചിനാട്, മാവേലി, മുംബൈ, നേത്രാവതി, ശബരി എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് റദ്ദ് ചെയ്യാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

റെയിൽവേയുടെ ഭൂപടത്തിൽ നിന്നും ഇല്ലാതാകും

2000 ത്തോളം യാത്രക്കാരാണ് കരുനാഗപ്പള്ളി സ്റ്റോപ്പിൽ നിന്നും ഈ ട്രെയിനുകളിൽ ദിനംപ്രതി യാത്ര ചെയ്യുന്നത്. പ്രതിവർഷം 35 ലക്ഷം രൂപയാണ് ഈ ട്രെയിനുകളിൽ നിന്നും റെയിൽവേക്ക് ലഭിക്കുന്നത്. കരുനാഗപ്പള്ളി, ശൂരനാട്, ഭരണിക്കാവ്, ശാസ്താംകാേട്ട, കാരാളിമുക്ക്, ഓച്ചിറ, ചവറ എന്നിവിടങ്ങിൽ നിന്നെത്തുന്ന യാത്രക്കാരാണ് കൂടുതലും. ട്രെയിനുകളുടെ സ്റ്രോപ്പുകൾ നിറുത്തുന്നതോടെ ഇവരെല്ലാം കൊല്ലത്തോ, കായംകുളത്തോ പോയി ട്രെയിൽ കയറേണ്ടിവരും. ഇതോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ റെയിൽവേയുടെ ഭൂപടത്തിൽ നിന്നും തന്നെ ഇല്ലാതാകും.

ഏകദേശം 8 കോടി രൂപയുടെ വരുമാനം

നിലവിൽ 46 ട്രെയിനുകൾക്കാണ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുകൾ ഉള്ളത്. റെയിൽവേ സ്റ്റേഷനിലെ ഒരു വർഷത്തെ വരുമാനം ഏകദേശം 8 കോടി രൂപയോളം വരും. എന്നിട്ടുപോലും ഡി ഗ്രേഡിലാണ് സ്റ്റേഷന്റെ സ്ഥാനം. ഇത് സി. ഗ്രേഡ് ആക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം വർഷങ്ങളായി തുടരുകയാണ്. റെയിൽവേ സ്റ്റേഷന്റെ ഗ്രേഡ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമ്പോഴാണ് നിലവിലുള്ളതും ലാഭത്തിൽ ഓടുന്നതുമായ ട്രെയിനുകൾ റദ്ദാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടത്തുന്നത്.

സമരം ശക്തം

എ.എം.ആരിഫ് എം.പി, ആർ.രാമചന്ദ്രൻ എം.എൽ.എ എന്നവർ കൂടി സമരനേതൃത്വം ഏറ്റെടുത്തതോടെ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി കൈവന്നു. ലോക തീർത്ഥാടന കേന്ദ്രമായ മാതാ അമൃതാനന്ദമയി മഠം, കേരഫെഡ്, റീജിയണൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ, എഫ്,സി.ഐ, കെ.എം.എം.എൽ, ഐ.ആർ.ഇ, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്, അമൃതാ എൻനീയറിംഗ് കോളേജ്, അമൃത ആയൂർവ്വേദ കോളേജ്, ഗവ: കോളിടെക്നിക്ക്, കേരളാ ഫീഡ്സ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു മേഖലാ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്.


വർഷങ്ങളായി നടത്തിയ സമരത്തെ തുടർന്നാണ് ഘട്ടംഘട്ടമായി ദീർഘദൂര ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുകൾ അനുവദിച്ചത്. സ്റ്റോപ്പുകൾ റദ്ദാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും.

കെ.കെ.രവി, ജനറൽ കൺവീനർ, റെയിൽവേ ആക്ഷൻ കൗൺസിൽ: