jayan-smarakam
കമ്മാൻ കുളത്തിന് സമീപം നിർമ്മാണം പൂർത്തിയായ ജയൻ സ്മാരകത്തിന്റെ ഉൾവശം

 1.25 കോടി രൂപയുടെ പദ്ധതി

 ഇന്ന് വൈകിട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും
കൊല്ലം: മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനം ജയന് ജന്മനാട്ടിൽ നിത്യസ്മാരകം ഒരുക്കി ജില്ലാ പഞ്ചായത്ത്. ഇന്ന് വൈകിട്ട് 3ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സ്മാരകം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വാർ‌ത്താ സമ്മളനത്തിൽ അറിയിച്ചു. സ്മാരകത്തിലെ ആറടി ഉയരമുള്ള ജയന്റെ എണ്ണഛായാ ചിത്രം മന്ത്രി കെ. രാജു അനാഛാദനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വളപ്പിലെ കല്ലുമാല സമരത്തിന്റെ സ്മാരകമായ കമ്മാൻ കുളത്തിന് സമീപം പഴയ ഐ.ടി ഹാൾ ഒന്നേകാൽ കോടി രൂപ മുടക്കി നവീകരിച്ചാണ് സ്മാരകമാക്കിയത്. ജയന്റെ കുടുംബവീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്മാരകം. പൂർണമായി ശീതീകരിച്ച ഹാളിൽ 450 ഇരിപ്പിടം, അത്യാധുനിക ശബ്ദ - വെളിച്ച സംവിധാനം, സി.സി.ടി.വി കാമറ എന്നിവയുമുണ്ട്. ചടങ്ങുകൾക്കും യോഗങ്ങൾക്കും കുറഞ്ഞ വാടകയ്ക്ക് ഹാൾ നൽകും.

വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സ്ഥിരം സമിതി ചെയർമാൻ ബി. ജയപ്രകാശ്, സെക്രട്ടറി കെ. പ്രസാദ് എന്നിവർ പങ്കെടുത്തു.

 ജയൻ എന്ന നിത്യവിസ്മയം

കൊല്ലം തേവള്ളി മാധവവിലാസത്തിൽ സത്രം മാധവൻപിള്ളയുടെയും ഭാരതിഅമ്മയുടെയും മകനായി 1939 ജൂലൈ 25നാണ് ജയന്റെ ജനനം. തമിഴ്‌നാട്ടിലെ ഷോളവാരത്ത് 'കോളിളക്കം' സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ 1980 നവംബർ 16ന്‌ ഹെലികോപ്‌ടർ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. 125 ലേറെ സിനിമകളിൽ അഭിനയിച്ച ജയൻ സിനിമയിൽ എത്തുന്നതിന് മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു.

തേവള്ളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ജയന്റെ കുടുംബവീടിന് സമീപം 2009ൽ സ്ഥാപിച്ച പൂർണകായ പ്രതിമ മാത്രമായിരുന്നു ഇതുവരെ നഗരത്തിലെ ശ്രദ്ധേയമായ ജയൻ സ്മാരകം.