ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് റെയിൽവേയുടെ തീരുമാനം തിരിച്ചടിയാകും. ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും റദ്ദാക്കണമെന്ന റെയിൽവേയുടെ തീരുമാനം നടപ്പിലായാൽ ശാസ്താംകോട്ടയിലെ ഒട്ടുമിക്ക ട്രെയിനുകളുടെയും സ്റ്റോപ്പുകൾ നഷ്ടമാകും. സെക്രട്ടറിയേറ്റ് ഉൾപ്പടെ തിരുവനന്തപുരം മേഖലയിലേക്ക് പോകാനായി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വഞ്ചിനാട് എക്സ്പ്രസും, കോട്ടയം, എറണാകുളം ഭാഗത്തേക്ക് പോകാനുള്ള പരശുറാം എക്സ്പ്രസിന്റെയും ബാഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിന്റെയും, കൊല്ലം - വിശാഖ പട്ടണം എക്സ്‌പ്രസിന്റെയും സ്റ്റോപ്പുകൾ നിറുത്തലാക്കാനാണ് റെയിൽവേയുടെ തീരുമാനം.
എം.പി ഇടപെട്ട് കിട്ടിയ സ്റ്റോപ്
അടൂർ താലൂക്കിലെ കടമ്പനാട് മേഖലയിലെയും കൊട്ടാരക്കര താലൂക്കിലെ പുത്തൂർ മേഖലയിൽ നിന്നും കുണ്ടറ താലൂക്കിലെ കിഴക്കേ കല്ലടയിൽ നിന്നടക്കം നിരവധി യാത്രക്കാരാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ നടത്തിയ ജനകീയ സമരങ്ങളുടെ ഫലമായി കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ ഇടപെടീലുകളിലൂടെയാണ് കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചത്.
അമ്പത് ലക്ഷത്തിലധികം രൂപയുടെ വരുമാനം
ദീർഘ ദൂരെ ട്രെയിനുകൾക്ക് ഉൾപ്പടെ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണവും സ്റ്റേഷന്റെ വരുമാനവും വർദ്ധിച്ചിരുന്നു.ഒരു മാസം അമ്പത് ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലുള്ളത്. കൊവിഡിന്റെ മറവിൽ തിരക്കേറിയ വഞ്ചിനാട്, പരശുറാം എക്സ്പ്രസ് ഉൾപ്പടെയുടെള്ള ട്രെയിനുകളുടെ സ്റ്റോപ്പുകൾ പോലും ലാഭകരമല്ലെന്ന പേരിൽ നിറുത്തലക്കാനുള്ള റെയിൽവേയുടെ നീക്കത്തിന് എതിരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
"സ്റ്റോപ്പുകൾ നിറുത്തലാക്കുന്നതിലൂടെ സാമ്പത്തികമായി തകർക്കാനും ഇതുവഴി റെയിൽവേയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.'
കൊടിക്കുന്നിൽ സുരേഷ്. എം.പി '
" സ്റ്റോപ്പുകൾ നിറുത്തലാക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ യാത്രക്കാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും''
സജീവ് പരിശവിള
സംസ്ഥാന പ്രസിഡന്റ്
സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ