goalpost
ഗോൾപോസ്റ്റ്

ചവറ: ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഗോൾപോസ്റ്റ് ഒരുങ്ങി. ഫിഫാ മാനദണ്ഡങ്ങളനുസരിച്ച് മൈതാനത്തു ഒന്നേകാൽ ലക്ഷം രൂപ ചെലവാക്കിയാണ് പോസ്റ്റ് സ്ഥാപിച്ചത്. ഫുട്ബോൾ പ്രേമിയായ ആനേപ്പിൾ ബ്രിജേഷ് നാഥാണ് അച്ഛൻ സതീനാഥിന്റെ ഓർമ്മക്കായി ഗോൾപോസ്റ്റ് നിർമിച്ചു നൽകിയത്. മുൻപ് ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നിരവധി മത്സരങ്ങൾ നടത്തിയിരുന്നു. സ്കൂൾ കായികമേള ഉൾപ്പടെ നടക്കുന്ന മൈതാനം ആയിരുന്നു ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ മൈതാനം. ചവറ എം.എൽ.എ. വിജയൻപിള്ളയുടെ ശ്രമഫലമായി നാലു സൈഡിലും പ്രഭാത സവാരിക്ക് വേണ്ടി നടപാത നിർമ്മിച്ചിട്ടുണ്ട്. പ്രഭാത സവാരിക്ക് എത്തുന്നവർക്ക് കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ചവറ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഡയബറ്റിക് ടെസ്റ്റും നടത്തുന്നുണ്ട്.

ചവറ സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദിനും അന്തരിച്ച എം.എൽ.എ എൻ. വിജയൻ പിള്ളയുടെ മകൻ ഡോ.സുജിത്തും ചേർന്ന് ഗോൾപോസ്റ്റ് ഉദ്ഘാടനം ചെയ്തു.കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആനേപ്പിൾ ബ്രിജേഷ് മധുരപലഹാരങ്ങൾ വിതരണംചെയ്തു. നിലച്ചു പോയ ഫുട്ബോൾ മേളകൾ നടത്താനാണ് ബ്രിജേഷിന്റെ തീരുമാനം.