കുടുംബശ്രീ ജപ്തിക്ക് പിന്നിൽ അഴിമതിയെന്ന്
കൊല്ലം: മിനിട്സ് തിരുത്തിയ സംഭവത്തിൽ കൗൺസിൽ യോഗത്തിനുള്ളിൽ യു.ഡി.എഫ് അംഗങ്ങൾ ബഹളം വച്ചപ്പോൾ പുറത്ത് മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസാണ് മിനിട്സ് തിരുത്ത് വിഷയം ഉന്നയിച്ചത്. വസ്തു അളന്ന് തിട്ടപ്പെടുത്തണമെന്നും മിനിട്സ് തിരുത്ത് വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപ്പറേഷൻ പദ്ധതിക്കായി ഭൂമി റെയിൽവേയ്ക്ക് കൈമാറുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോൺഗ്രസ് അംഗം കരുമാലിൽ ഉദയാസുകുമാരൻ ആവശ്യപ്പെട്ടു. മിനിട്സിൽ ഉപാസന ആശുപത്രിക്ക് സമീപത്തെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനം ആരാണ് മാറ്റിയെഴുതിയതെന്ന് വ്യക്തമാക്കണമെന്ന് കുരീപ്പുഴ കൗൺസിലർ അജിത്ത് ആവശ്യപ്പെട്ടു.
നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ജപ്തി ഭീഷണി നേരിടുന്നതിന് പിന്നിൽ വൻ അഴിമതിയാണെന്ന് യു.ഡി.എഫ് അംഗം പ്രശാന്ത് ആരോപിച്ചു. ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് കോർപ്പറേഷൻ സി.ഡി.എസിന്റെ പേരിലെടുത്ത വായ്പയാണ് 26.79 ലക്ഷം രൂപയുടെ ജപ്തിയിൽ എത്തിനിൽക്കുന്നത്. വായ്പാ തുക വകമാറ്റി ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ലൈഫ് മിഷൻ വഴി കൂടുതൽ വീടുകൾ നിർമ്മിച്ചത് ഉൾപ്പടെ കോർപറേഷൻ നടത്തിയ വികസന പ്രവർത്തനങ്ങളെ മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വികസന സമിതി അദ്ധ്യക്ഷൻ എം.എ. സത്താർ പറഞ്ഞു. കോർപ്പറേഷന്റെ ഭൂമിയുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടില്ലെന്നും ഭൂമി സംരക്ഷിക്കപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മേയർ ഹണി ബഞ്ചമിൻ മറുപടി പറഞ്ഞു. പക്ഷെ മിനിട്സ് ആരാണ് തിരുത്തിയതെന്നും കുടുംബശ്രീയുടെ ജപ്തി തടയാൻ നിയമവിരുദ്ധമായി ബാങ്ക് അക്കൗണ്ട് തുറന്നതിനെക്കുറിച്ചും ഒരക്ഷരം മിണ്ടിയില്ല.
യുവമോർച്ച പ്രതിഷേധം
വിവാദ ഭൂമി വിഷയത്തിൽ കോർപ്പറേഷന് പുറത്ത് യുവമോർച്ച നടത്തിയ പ്രതിഷേധം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് ഭേദിച്ച് മേയറുടെ ചേമ്പറിലേക്ക് ചാടിക്കയറാൻ ശ്രമം നടത്തി.
യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. അനന്ദു, വിഷ്ണു, കൃഷ്ണകാന്ത്, സുജിത്, രാഹുൽ, ശരത്, സജിത്ത് എന്നിവർ നേതൃത്വം നൽകി. പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.