കൊല്ലം: മുണ്ടയ്ക്കലിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ റോഡിന് കുറുകെ കോൺക്രീറ്റ് കട്ടകളും പ്ലാസ്റ്റിക് കോണുകളും നിരത്തി ഗതാഗതം തടസപ്പെടുത്തിയിരുന്നു. റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന തില്ലേരി സ്വദേശിയുടെ കാറിനും കേടുപാട് വരുത്തി.
മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രക്കുളത്തിന് സമീപമാണ് റോഡിൽ കട്ടകൾ നിരത്തിയത്. പ്രദേശത്ത് പലർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊലീസ് വഴിയടച്ചതാകുമെന്നാണ് പലരും കരുതിയത്. ഇരുചക്ര വാഹനയാത്രക്കാരിൽ ചിലർ വഴി തടസപ്പെടുത്തി വച്ചിരുന്ന കട്ടകളിൽ ചിലത് എടുത്തുമാറ്റിയ ശേഷം അതുവഴി തന്നെ കടന്നുപോയി. വലിയ വാഹനങ്ങൾക്ക് വേറെ വഴി തേടേണ്ടിവന്നു. വഴിയടച്ചിരിക്കുന്ന രീതിയിൽ സംശയം തോന്നിയ ചിലർ ഈസ്റ്റ് പൊലീസിനെ ബന്ധപ്പെട്ടു. തങ്ങൾ വഴിയടച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞതോടെ നാട്ടുകാർ തന്നെ കട്ടകൾ എടുത്തുമാറ്റി.
തൊട്ടടുത്ത് വീട് നിർമ്മാണം നടക്കുന്നിടത്ത് നിന്നാണ് കട്ടകളെടുത്ത് റോഡിൽ നിരത്തിയത്. സമീപത്തെ കടയുടെ മുൻവശത്ത് നിന്നാണ് പ്ലാസ്റ്റിക് കോണുകൾ എടുത്തത്. കട്ടകൾക്ക് മുകളിൽ നിന്ന് സ്പാനറും പ്ലാസ്റ്റിക് ടേപ്പും ലഭിച്ചു. നാട്ടുകാർ ഇത് പൊലീസിന് കൈമാറി. രാത്രിയിൽ മോഷണത്തിന് ഇറങ്ങി പരാജയപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. അർദ്ധരാത്രിയാകാം റോഡിൽ കട്ടകൾ നിരത്തിയതെന്ന് കരുതുന്നു.