കൊല്ലം: മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ എക്കാലത്തെയും സൂപ്പർതാരം ജയന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് ഒന്നേകാൽ കോടി രൂപ മുടക്കി സ്മാരകം നിർമ്മിച്ചത്. ജയന്റെ കുടുംബ വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെയായി ജില്ലാ പഞ്ചായത്ത് വളപ്പിൽ ചരിത്രം തീർത്ത കല്ലുമാല സമരത്തിന്റെ സ്മാരകമായ കമ്മാൻ കുളത്തിന് സമീപത്തെ ഐ.ടി ഹാളാണ് സ്മാരക മന്ദിരമാക്കി മാറ്റിയത്. പൂർണമായി ശീതീകരിച്ച ഹാളിൽ 450 ഇരിപ്പിടം, അത്യാധുനിക ശബ്ദ - വെളിച്ച സംവിധാനം, സി.സി ടി.വി കാമറ എന്നിവയുമുണ്ട്. ചടങ്ങുകൾക്കും യോഗങ്ങൾക്കും കുറഞ്ഞ വാടകയ്ക്ക് ഹാൾ നൽകും. ഇന്ന് വൈകിട്ട് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ സ്‌മാരകം നാടിന് സമർപ്പിക്കും.
കൊല്ലം തേവള്ളി മാധവ വിലാസത്തിൽ സത്രം മാധവൻ പിള്ളയുടെയും ഭാരതി അമ്മയുടെയും മകനായി 1939 ജൂലായി 25ന് ആണ് ജയന്റെ ജനനം. തമിഴ് നാട്ടിലെ ഷോളവാപരത്ത് കോളിളക്കം സിനിമയുടെ സാഹസികമായ ക്ളൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് 1980 നവംബർ 16ന് ഹെലികോപ്റ്റർ അപകടത്തിൽ ജയന്റെ ജീവൻ പൊലിഞ്ഞത്. 125ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജയൻ 1970 കളുടെ അവസാനമാണ് സൂപ്പർ നായക പദവിയെത്തിയത്. സിനിമയിൽ എത്തുന്നതിന് മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു. തേവള്ളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് ജയന്റെ കുടുംബ വീടിന് സമീപം 2009ൽ പൂർണകായ പ്രതിമ സ്ഥാപിച്ചിരുന്നു. എന്നാൽ ഉചിതമായ സ്മാരകം നിർമ്മിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജില്ലാ പഞ്ചായത്ത്. സ്മാരകത്തിലെ ആറടി ഉയരമുള്ള ജയന്റെ എണ്ണഛായാ ചിത്രം മന്ത്രി കെ. രാജു അനാഛാദനം ചെയ്യും.
സ്മാരകം ഹൈടെക്കാണ്
ഒന്നര കോടി രൂപ മുടക്കിയാണ് ജയന്റെ സ്മാരകം പൂർത്തിയാക്കിയത്. ആർട്ട് കോയ്ക്കായിരുന്നു നിർമ്മാണ ചുമതല. 450 പേർക്ക് പങ്കെടുക്കാവുന്ന വിവാഹ സൽക്കാരങ്ങൾക്ക് ഉൾപ്പടെ ലഭ്യമാക്കുന്ന രീതിയിലാണ് ഹാൾ പൂർത്തിയാക്കിയത്. അത്യാധുനിക ശബ്ദ, വെളിച്ച, ശീതീകരണ സംവിധാനങ്ങളുണ്ട്.