karadi

കൊല്ലം: ചാത്തന്നൂരിനൊപ്പം പാരിപ്പള്ളിയിലും കരടി ഭീതി. പാരിപ്പള്ളി പുലിക്കുഴിയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് പല സ്ഥലങ്ങളിലായി കരടിയെ കണ്ടത്. പുലിക്കുഴിയിലെ ഒരു വീടിന്റെ ടെറസിൽ രാത്രി ശബ്ദം കേട്ട് ഉണർന്നെത്തിയ വീട്ടുകാരും റോഡിലൂടെ പോകുന്നതായി ആട്ടോ ഡ്രൈവറുമാണ് പൊലീസിനെ അറിയിച്ചത്. പുലിക്കുഴിയിൽ ഇന്നലെ രാത്രി എട്ടോടെ കരടി റോഡ് മുറിച്ചുകടന്ന് സമീപത്തെ കശുവണ്ടി ഫാക്ടറി പുരയിടത്തിലേക്ക് കയറുന്നത്‌ കണ്ടതായാണ് ആട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഒന്നര മണിക്കൂറിന് ശേഷം കാവടിക്കോണത്ത് വീടിന് പുറത്ത് വളർത്തുനായയുമായി നിന്ന റിതിനും കരടിയെ കണ്ടതായി പറയുന്നു. തുടർന്ന്‌ റബർ കാട്ടിലേക്ക് കരടി മറഞ്ഞതായാണ് റിതിൻ പറയുന്നത്.

വനംവകുപ്പ്‌ ഉദ്യോഗസ്ഥർ എത്തി കരടിയെ കണ്ടതായി പറയുന്ന രണ്ട് പ്രദേശങ്ങളിലും പരിശോധന നടത്തി. പറഞ്ഞ സ്ഥലങ്ങളിൽ വീട്ടുമുറ്റത്തും സമീപത്തെ പറമ്പുകളിലും കരടിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. വനംവകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ചാത്തന്നൂർ സ്പിന്നിംഗ് മിൽ പരിസരത്ത് കരടിയ്ക്ക് കെണിയൊരുക്കി വനംവകുപ്പ് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ചത്തന്നൂരിൽ കാണപ്പെട്ട കരടിയേക്കാൾ വലിപ്പമുള്ളതാണ് പുലിക്കുഴിയിൽ കണ്ട കരടിയെന്ന പ്രചാരണം നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. ഒന്നിലധികം കരടികൾ നാട്ടിലെത്തിയോയെന്ന ഭീതിയിലാണ് നാട്ടുകാർ. ജനവാസ മേഖലയിലുൾപ്പെടെ കരടി വിഹരിക്കാൻ തുടങ്ങിയതോടെ ആക്രമണം ഭയന്ന് ഭീതിയോടെ കഴിയുകയാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ.

അതേസമയം, ദിവസങ്ങളായി നാടിനെ

ഭീതിമുനയിലാക്കിയ കരടി തേൻകെണിയിൽ കുടുങ്ങിയില്ലെങ്കിൽ മയക്കു‌വെടി വയ്‌ക്കാൻ ഫോറസ്റ്റ്‌ വെറ്ററിനറി യൂണിറ്റ്‌ സജ്ജരായി‌. രണ്ട്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ചാത്തന്നൂരിലെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കുകയാണ്‌. അടിയന്തര സാഹചര്യമുണ്ടായാൽ വെടിവയ്‌ക്കാനുള്ള സംവിധാനം, 10 മീറ്റർ വരെ ഉയർത്താൻ കഴിയുന്നതും 50 മീറ്റർ ചുറ്റളവിൽ പ്രകാശം പരത്തുന്നതുമായ അസ്‌ക വിളക്ക്‌, വടം, വല, ഷീൽഡ്‌ തുടങ്ങി സർവ സന്നാഹങ്ങളുമായാണ്‌ വന്യജീവികളെ പിടിക്കുന്നതിന്‌ വൈദഗ്‌ദ്ധ്യം നേടിയ ദ്രുതകർമസേന അംഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ‌ചെയ്യുന്നത്‌.

സ്‌പിന്നിംഗ് മിൽ വളപ്പിൽ ഒരുക്കിയ തേൻകെണിയിൽനിന്ന്‌ മനുഷ്യഗന്ധം മാറിയ സാഹചര്യത്തിൽ അതിൽപ്പെടാൻ സാദ്ധ്യത കൂടുതലാണെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. എന്നാൽ പുലിക്കുഴിയിലേക്ക് കരടി മാറിയതോടെ അവിടെയും കെണിയൊരുക്കാനാണ് ശ്രമം.

പൊലീസും നാട്ടുകാരും കരടിയെ കാണുകയും കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്‌ത സ്ഥലങ്ങളുടെ റൂട്ട്‌മാപ്പ്‌ അഞ്ചൽ റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിൽ തയ്യാറാക്കി. അതേസമയം ഇക്കാര്യത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. പരവൂർ റോഡിന്‌ സമീപത്തെ ക്ഷേത്രപരിസരത്ത്‌ കരടിയെ കണ്ടെന്നായിരുന്നു ഇത്തരത്തിലുള്ള ഒരു പ്രചാരണം. ഇതിനെ തുടർന്ന്‌ പഞ്ചായത്ത്‌ അംഗത്തെയും കൂട്ടി അവിടെ എത്തിയ വനംവകുപ്പ്‌ അധികൃതരോട്‌ ‌‘കരടിയെ കണ്ടവർ’പറഞ്ഞത്‌ രാവിലെ രണ്ട്‌ തിളക്കമാർന്ന കണ്ണുകൾ കണ്ടെന്നായിരുന്നു‌. ഇത്തരം സന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.