തിരുവനന്തപുരം: പാർട്ടി ഓഫീസിനായി വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിൽ ആശാപ്രവർത്തകയായ പാർട്ടി അംഗം ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ആശയെയാണ് (40) ഇന്നലെ സി.പി.എം ചെങ്കൽ ലോക്കൽ കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ അഴകിക്കോണത്ത് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ആശയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് വിധേയമാകുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തതവരുമെന്ന് പൊലീസ് പറഞ്ഞു.
ആശ എഴുതിയതെന്ന് കരുതുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കൈയക്ഷര പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കത്ത് ആശയുടേതാണെന്ന് ഉറപ്പാക്കിയശേഷം കത്തിന്റെ ഉള്ളടക്കം അടിസ്ഥാനപ്പെടുത്തി വിശദമായ അന്വേഷണവും തുടർ നടപടികളും കൈക്കൊള്ളുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു.
ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറായ ആശ കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായി പ്രവർത്തിച്ച് വരികയാണ്. ഇവർ കഴിഞ്ഞ ദിവസം പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പാർട്ടി മീറ്റിംഗിൽ നടന്ന ചില കാര്യങ്ങളിൽ ആശയ്ക്കുണ്ടായ മനോവിഷമമാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യ പേജിൽ മരണകാരണം എന്ന തലക്കെട്ടിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന പഴ്‌സിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
ലോക്കൽ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആശയുടെ മരണവും നേതാക്കൾക്കെതിരെയുള്ള ആത്മഹത്യാക്കുറിപ്പും പാർട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മൃതദേഹം കണ്ടെത്തിയപ്പോൾ കടബാദ്ധ്യത കാരണമാകാം ആശ ആത്മഹത്യചെയ്തതെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വം പറഞ്ഞിരുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയപ്പോൾ പ്രാദേശിക നേതൃത്വം ആദ്യം പ്രതികരിച്ചില്ല.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള വിഷയത്തിൽ പാർട്ടി പരിശോധന നടത്തുമെന്നും ഇതു സംബന്ധിച്ച് യാതൊരു പരാതിയും പാർട്ടി കമ്മിറ്റികൾക്ക് ലഭിച്ചിട്ടില്ലെന്നും സി.പി.എം പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ പറഞ്ഞു.
ചെങ്കൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പിന്നീട് സി.പി.എം പക്ഷത്തേക്ക് മാറിയ ഇവർ അന്ന് മുതൽ പാർട്ടി പ്രവർത്തകയായി. സി.പി.എം വാർഡ് മെമ്പറുടെ സഹായിയായിരുന്നു. സി.പി.എം വാർഡ് മെമ്പർക്ക് നേരെ മോശം പരാമർശം നടത്തിയ സ്വതന്ത്ര അംഗത്തെ പഞ്ചായത്ത് കമ്മിറ്റി യോഗം നടക്കുന്ന സ്ഥലത്തെത്തി കൈയേറ്റം ചെയ്യാനും ആശ തയ്യാറായിരുന്നു. സി.പി.എമ്മിനോട് കാട്ടിയ ആത്മാർത്ഥത കാരണമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരം മാറി നിന്നത്. ഇത്തവണ പാർട്ടി സീറ്റ് ഉറപ്പായിരുന്നെങ്കിലും മറ്റൊരു മുൻ മെമ്പറുടെ മകൾക്ക് വേണ്ടി സീറ്റ് മാറ്റി വയ്ക്കാനുള്ള പാർട്ടി തീരുമാനവും പാർട്ടിയുടെ മറ്റ് അംഗങ്ങളിൽ നിന്നുണ്ടായ മാനസിക പീഡനങ്ങളുമാണ് ആശയെ തളർത്തിയത്. തുടർന്ന് ആശ പാർട്ടിയിലെ മേൽ ഘടകങ്ങളിൽ പലതവണ പരാതിപ്പെട്ടെങ്കിലും അവിടെയും അവഗണ ആവർത്തിച്ചു. പാർട്ടിക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പാറശാല ഓഫീസിൽ നടന്ന ചർച്ചയിൽ വാർഡ് മെമ്പറോടൊപ്പം പങ്കെടുത്തെങ്കിലും ഇവിടെയും നേരിട്ട അവഗണന ആശയെ കൂടുതൽ മാനസിക സംഘർഷത്തിലാക്കിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.