കൊല്ലം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കൊല്ലം താലൂക്ക് ഓഫീസ് മാർച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം. സി.ഐമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ജലപീരങ്കിയേറ്റു.
രാവിലെ പതിനൊന്നോടെയാണ് ചിന്നക്കടയിൽ നിന്ന് പ്രവർത്തകർ പ്രകടനമായി താലൂക്ക് ഓഫീസിലേക്ക് എത്തിയത്. പ്രവേശന കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ അകത്തേക്ക് കടക്കൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ പല തവണ പ്രവർത്തകരും പൊലീസും തമ്മിൽ പോർവിളിയും ബലപ്രയോഗവും നടന്നു.
പ്രവർത്തകർ പിരിഞ്ഞുപോകാതെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തുടരുന്നതിനിടെ ആറ് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ജലപീരങ്കി ഉപയോഗിക്കുന്ന വാഹനത്തിന് നേരെയും പ്രവർത്തകർ തിരിഞ്ഞു. ജലപീരങ്കിയേറ്റ് തെറിച്ചുവീണ പ്രവർത്തകരിൽ പലർക്കും പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ കൊല്ലം എ.സി.പി പ്രദീപ് കുമാറും ബി.ജെ.പി നേതാക്കളും സ്ഥലത്തെത്തി. ഇതോടെ പൊലീസും പ്രവർത്തകരും സംയമനം പാലിക്കാൻ തയ്യാറായി.
തുടർന്ന് നടത്തിയ പ്രതിഷേധ കൂട്ടായ്മ ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്‌ണു പട്ടത്താനം അദ്ധ്യക്ഷനായി. യോഗത്തിന് ശേഷം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇവരെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അറസ്റ്റിലായവരുമായി പോകാൻ തുടങ്ങിയ പൊലീസ് ബസ് മറ്റുള്ളവർ തടഞ്ഞിട്ടു. ബസ് പിന്നോട്ടെടുത്താണ് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിന്ന് പോകാനായത്. അര മണിക്കൂറിലേറെ നീണ്ട സംഘർഷത്തിൽ ദേശീയപാത വഴിയുള്ള ഗതഗാതം ഏറെക്കുറെ തടസപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത്ത് ചോഴത്തിൽ, ജില്ലാ ഭാരവാഹികളായ നവീൻ ചാത്തന്നൂർ, ധനീഷ് പെരുമ്പുഴ, ഗോകുൽ, മഹേഷ്, ദീപു, ജമുൻജഹാംഗീർ, അനീഷ് ജലാൽ എന്നിവർ നേതൃത്വം നൽകി.