ജനകീയമായി ജനകീയ ഹോട്ടലുകൾ
ഊണ് വില: 20 രൂപ
കൊല്ലം: ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ജനകീയ ഹോട്ടലുകൾ പോക്കറ്റിൽ കൈയിടാതെ ജനത്തിന്റെ വിശപ്പടക്കുന്നു. ജില്ലയിൽ ഇതുവരെ ഉച്ചഭക്ഷണം നൽകിയത് 5.8 ലക്ഷം പേർക്കാണ്. ഒരു ഊണിന് പത്ത് രൂപ ക്രമത്തിൽ 58 ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷൻ ഹോട്ടലുകളുടെ സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി കൈമാറിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ജനകീയ ഹോട്ടലുകൾ തുറന്ന് 20 രൂപയ്‌ക്ക് ഉച്ചഭക്ഷണം നൽകി സാധാരണക്കാരന്റെ വിശപ്പടക്കുന്നത്. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൈകാതെ ഹോട്ടലുകൾ തുറക്കും.
പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഹോട്ടലുകൾ തുറക്കുന്നതിന് തടസമില്ല. മീൻ കറി ഉൾപ്പെടുന്ന സമൃദ്ധമായ ഊണിന് ഉപഭോക്താവ് 20 രൂപ നൽകുമ്പോൾ 10 രൂപ കുടുംബശ്രീ വഴി സർക്കാരും നൽകും. ഫലത്തിൽ സംരംഭക ഗ്രൂപ്പിന് ഒരു ഊണിന് 30 രൂപ ലഭിക്കും. മീൻ വറുത്തത് ഉൾപ്പെടെ മറ്റ് വിഭവങ്ങളും കുറഞ്ഞ വിലയിൽ ഹോട്ടലുകളിൽ ലഭ്യമാണ്.
പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പ്രാദേശിക വില ഈടാക്കും. കൊവിഡ് പ്രതിസന്ധി മാറുന്നതോടെ ഹോട്ടലുകളുടെ പ്രവർത്തനം മുഴുവൻ സമയ സജീവതയിലേക്ക് മാറും. നിലവിൽ പലയിടത്തും ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. 10.8 രൂപയ്ക്ക് സപ്ലൈകോ അരി നൽകുമെങ്കിലും ഹോട്ടലുകൾ അത് വാങ്ങാറില്ല. കൂടുതൽ മെച്ചപ്പെട്ട അരിയാണ് ഹോട്ടലുകൾ പാചകത്തിന് ഉപയോഗിക്കുന്നത്.
ബ്രാൻഡാകും കേരളാ കഫേ
നന്നായി പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളെ തുടക്കത്തിൽ മാതൃകാ ഹോട്ടലുകളും പിന്നീട് കുടുംബശ്രീയുടെ കേരളാ കഫേ ബ്രാൻഡായും മാറ്റും. ചാത്തന്നൂരിലെ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ ഇത്തരത്തിൽ വൈകാതെ മാതൃകാ ഹോട്ടലാക്കി മാറ്റും. ഇതോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. അരലക്ഷം രൂപ പ്രതിദിന വിറ്റുവരവ് ലഭിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളിലെല്ലാം ജനകീയ ഹോട്ടലുകൾ കേരളാ കഫേയാക്കി മാറ്റും.
പ്രവർത്തനം ഇങ്ങനെ
1. കുടുംബശ്രീ സംരംഭക ഗ്രൂപ്പിനെ തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കും
2. ഹോട്ടൽ തുടങ്ങാനുള്ള സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തി നൽകും
3. സംരംഭക ഗ്രൂപ്പിന് അരലക്ഷം രൂപ കുടുംബശ്രീ റിവോൾവിംഗ് ഫണ്ടായി നൽകും
4. അരലക്ഷത്തിന് പാത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കണം
5. കെട്ടിടത്തിന്റെ വൈദ്യുതി- വെള്ളക്കരങ്ങൾ തദ്ദേശ സ്ഥാപനം അടയ്ക്കും
6. ഉച്ചയൂണിന് ഉപഭോക്താവിൽ നിന്ന് 20 രൂപ ഈടാക്കും
7. ഓരോ ഊണിനും 10 രൂപ വീതം കുടുംബശ്രീയും സബ്സിഡി നൽകും
8. 10.8 രൂപയ്ക്ക് ഹോട്ടലുകൾക്ക് സപ്ലൈകോ അരി നൽകും
9. ഹോട്ടലുകളുടെ ലാഭം പൂർണമായി സംരംഭക ഗ്രൂപ്പിന്
ജില്ലയിൽ ജനകീയ ഹോട്ടലുകൾ: 59
ഉച്ചഭക്ഷണം നൽകിയത്: 5.8 ലക്ഷം പേർക്ക്
കുടുംബശ്രീ സബ്സിഡി: 58 ലക്ഷം
''
സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും ജനകീയ ഹോട്ടലുകൾ തുറക്കും.
എ.ജി.സന്തോഷ്, കോ ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാ മിഷൻ