kollam

ദേ നോക്കിയേ,​ കേരള സർക്കാർ കള്ളുകുടിച്ചോടുന്നു...! ഓട്ടമെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ഓട്ടം.

രാത്രി ഒൻപത് മണിയോടടുക്കുമ്പോഴാണ് നഗരവീഥിയിലൂടെ നാലുകാലിൽ (വീലിൽ)​ ഓട്ടം. മുന്നിലും പിന്നിലും 'കേരള സർക്കാർ' എന്ന ബോർഡ് വച്ച ഇന്നോവ കാർ ആടിയാടി വരുന്നു. കണ്ടതെല്ലാം ഇടിച്ചുതെറിപ്പിക്കുന്നു. പലതവണ ഇടിച്ച് വണ്ടി പപ്പടമായി. തീർന്നില്ല,​ ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡിലേയ്ക്ക് കയറിയ വണ്ടി പിന്നെയും ഇടിച്ചുപൊളിക്കൽ തുടർന്നു.

ഇതെല്ലാം കണ്ട് സഹികെട്ട ചെറുപ്പക്കാർ 'ഫിറ്റായ' വണ്ടിയെ പിന്തുടർന്നു. പൊലീസും പാഞ്ഞെത്തി. അപ്പോഴേയ്ക്കും സർക്കാർ ശകടവും ഡ്രൈവറും പരുവമായി. ബീച്ച് റോഡിലെ കശുഅണ്ടി മുതലാളിയുടെ വീട്ടിലേയ്ക്ക് വണ്ടി കയറ്റിയിട്ടു. പൊലീസ് വീണ്ടും ഞെട്ടി, നഗരത്തിൽ സംഹാരതാണ്ഡവമാടിയത് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വാഹനമോ ? ആരുടെയോ നിർദ്ദേശം കിട്ടിയപോലെ ബോർഡ് കൈയോടെ എടുത്തുമാറ്റി. ഡ്രൈവറെ 'കസ്റ്റഡിയിലും' എടുത്തു. ഇനിയാണ് ട്വിസ്റ്റ്... പരിക്കുള്ള ഡ്രൈവറെ ആശുപത്രിയിലാക്കാൻ കൊണ്ടുപോയതാണ് പാവം പൊലീസ്.

സാധാരണഗതിയിൽ അപ്പോൾ തന്നെ കേസെടുത്ത് വണ്ടിയും പിടിച്ചെടുക്കുന്നതാണ് പതിവ്. പക്ഷെ അന്ന് രാത്രി വണ്ടിയിലും തൊട്ടില്ല, കേസും എടുത്തില്ല. ഒരു ധൈര്യക്കുറവ്. അടുത്ത ദിവസം രാവിലെ പത്രമായ പത്രങ്ങളിലൊക്കെ വാർത്ത വന്നതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു ചീള് കേസെടുത്ത് വിട്ടു. എന്നാൽപ്പിന്നെ എല്ലാവർക്കും ഇത് ബാധകമാക്കിക്കൂടേയെന്ന് ചെറുപ്പക്കാർക്കൊരു സംശയം.

പൊതുജനത്തിന്റെ സംശയം പിന്നെയും തീർന്നില്ല.. 'കേരള സർക്കാർ' എന്ന ബോർഡ് വയ്ക്കണമെങ്കിൽ ബന്ധപ്പെട്ട പദവിയിലുള്ളയാൾ വണ്ടിയിൽ കാണേണ്ടതല്ലേ ? നമ്മുടെ കഥയിൽ ഡ്രൈവറല്ലാതെ മറ്റാരും കൂടെയില്ല. ബന്ധപ്പെട്ട ആൾ വണ്ടിയിൽ ഇല്ലെങ്കിൽ ബോർഡ് മറച്ചുവച്ചേ വണ്ടി ഓടിക്കാവൂ എന്നല്ലേ നിയമം ? അപ്പോൾ കാർ ആർക്കുവേണ്ടിയുള്ളതാണോ അവർ അറിയാതെയായായിരുന്നോ ഡ്രൈവറുടെ പേക്കൂത്ത് ? സർക്കാർ വണ്ടി ദുരുപയോഗം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസില്ലേ ? അപകടകരമായി വണ്ടിയോടിച്ചതിന് പ്രത്യേക ക്രിമിനൽ കേസും എടുക്കേണ്ടതല്ലേ ?

ഹെൽമെറ്റ് ഇല്ലാത്തവനെ ഓടിച്ചിട്ട് പിഴയിടുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും ഇതൊന്നും ഗൗരവമായി കാണുന്നില്ല. ഒരു പെൺകുട്ടി ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിനും ബൈക്കിന് രൂപമാറ്റം വരുത്തിയതിനും രണ്ടാഴ്ച മുമ്പാണ് 20,000 രൂപ പിഴയിട്ടത്. സർക്കാർ വണ്ടിയെടുത്ത് നടുറോഡിൽ കുടിച്ച് കൂത്താടിയ സംഭവം മോട്ടോർ വാഹന വകുപ്പ് അറിഞ്ഞില്ലേ. സർക്കാരിന്റെ സ്വന്തം ജീവനക്കാരനാണെങ്കിൽ ഒരു മെമ്മോയോ സസ്‌പെൻഷനോ കൊടുക്കാമായിരുന്നു. ഇതിപ്പോ അതും പറ്റില്ല. കാരണം ഇതൊക്കെ കാണിച്ചുകൂട്ടിയത് ഒരു താത്കാലിക ഡ്രൈവറല്ലേ.

എന്തായാലും സ്വപ്നയിൽ തുടങ്ങി ബിനീഷിലും മന്ത്രി ജലീലിലും വരെ എത്തിനിൽക്കുന്നുണ്ട് സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ. തിരഞ്ഞെടുപ്പൊക്കെ അടുക്കുമ്പോളെങ്കിലും നേതാക്കളെ നാണംകെടുത്തുന്ന ഇത്തരം സാരഥികളെ കയറൂരി വിടുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്.