hunting-festival

ന്യൂസിലന്റിലെ ഒരു ചെറിയ ഗ്രാമമായ ഹണ്ടർ വില്ലയിൽ നടക്കുന്ന വിനോദപരിപാടികൾ കാണുകയും കേൾക്കുകയും ചെയ്താൽ ആർക്കും ആശ്ചര്യം തോന്നും. ഈ ഗ്രാമത്തിൽ വെറും നാനൂറ് ആളുകൾ മാത്രമാണ് ഉള്ളത്. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്ന ഒരു ദിവസമുണ്ട്. 'ഹണ്ട് വേ ഫെസ്റ്റ്" നടത്തുന്ന ദിവസം. വേട്ടയും വേട്ടമൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള ഫെസ്റ്റാണത്. പച്ചമാംസം തിന്നുക, വേട്ട നായ്ക്കളോടൊപ്പം ഓട്ട മത്സരം നടത്തുക തുടങ്ങിയവയാണ് പ്രധാന മത്സരയിനങ്ങൾ. വേട്ടനായ്ക്കളോടൊപ്പമുള്ള ഓട്ടമത്സരത്തിന്റെ പേരാണ് ഷമോസിൻ. കല്ലുകളും മുള്ളുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയുമൊക്കെയാണ് ഓടേണ്ടത്. ഓടുന്ന വഴിയിൽ പല തടസങ്ങളും നേരിടേണ്ടതായി വരും. ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുക എന്നതാണ് അതിലൊന്ന്. ഓടുന്നതിനിടയിൽ ചിലപ്പോൾ ചീഞ്ഞ മാംസം, പുഴുക്കളുടെ കൂമ്പാരം എന്നിങ്ങനെ അറപ്പ് തോന്നിപ്പിക്കുന്ന വസ്തുക്കളിലേയ്ക്ക് മുഖമടിച്ച് വീണെന്നിരിക്കും. അതൊന്നും കാര്യമാക്കാതെ ഓട്ടം പൂർത്തിയാക്കുന്നവരാണ് മത്സരത്തിൽ വിജയിയാവുക. എന്തൊരു ഭ്രാന്താണ് എന്ന് നമുക്ക് തോന്നുമെങ്കിലും ആ നാട്ടിലെ നാട്ടുകാരൊന്നാകെ കാത്തിരിക്കുന്ന ഉത്സവമാണ് ഇത്‌.