കൊല്ലം: സർവീസ് നടത്തിവരുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനശതാബ്ദി, വേണാട്, നേത്രാവതി എക്സ്പ്രസുകൾ ഉൾപ്പടെയുള്ള ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് റെയിൽവേ റദ്ദാക്കിയിരിക്കുന്നത്. തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സ്റ്റോപ്പുകൾ റദ്ദാക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ട്രെയിനുകളിൽ സഞ്ചരിക്കുവാനുള്ള അവസരങ്ങൾ കൂടി സൃഷ്ടിക്കണമെന്നും സജിലാൽ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിനീത വിൻസന്റ് സ്വാഗതവും സിറ്റി കമ്മിറ്റി പ്രസിഡന്റ് എ. നൗഷാദ് നന്ദിയും പറഞ്ഞു.