നഗരസഭയിൽ പുതിയ അഴിമതിക്ക് നീക്കം
ഒന്നരക്കോടിയുടെ തട്ടിപ്പ് പദ്ധതി
കൊല്ലം: 'ഹരിത നഗരം' എന്ന പേരിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് പദ്ധതി നടപ്പാക്കാൻ നഗരസഭയുടെ നീക്കം. ഒരു ഫലവൃക്ഷത്തൈ വച്ചുപിടിപ്പിക്കാൻ 2,680 രൂപ സ്വകാര്യ ഏജൻസിയിലേക്ക് നൽകുന്നതാണ് പദ്ധതി. ഇത്തരത്തിൽ അയ്യായിരം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് സ്വകാര്യ ഏജൻസിയുടെ കീശയിലേക്ക് ലക്ഷങ്ങൾ ഒഴുക്കി കമ്മിഷൻ പറ്റാനാണ് നീക്കം.
സാമ്പത്തിക പ്രതിസന്ധി മൂലം നഗരത്തിലെ പല വികസന പദ്ധതികളും അവതാളത്തിലാകുന്ന ഘട്ടത്തിലാണ് നഗരസഭാ അധികൃതർ സ്വകാര്യ ഏജൻസിയുമായി ചേർന്ന് തട്ടിപ്പിന് ശ്രമിക്കുന്നത്. ധനകാര്യ കമ്മിഷൻ ഗ്രാൻഡ് വെട്ടിക്കുറച്ചതിനൊപ്പം സുഭിക്ഷ കേരളം പദ്ധതിക്കും പണം നീക്കിവയ്ക്കേണ്ടി വന്നതോടെ വാർഷിക പദ്ധതിയിൽ നിന്ന് പല വികസന പ്രവർത്തനങ്ങളും മാറ്റേണ്ടിവന്നു. റോഡുകളുടെ റീടാറിംഗ്, ഓട നിർമ്മാണം അടക്കമുള്ള അവശ്യ പദ്ധതികളാണ് ഒഴിവാക്കപ്പെട്ടത്. ഇതിനിടെയാണ് 1.34 കോടിയുടെ ഹരിതനഗരം പദ്ധതി വാർഷിക പദ്ധതിയിൽ തിരുകി കയറ്റിയത്.
എതിർപ്പുകൾ മറികടന്ന്
പദ്ധതി നഗരസഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ വ്യാപകമായി എതിർപ്പ് ഉയർന്നിരുന്നു. നഗരസഭാ സെക്രട്ടറിയും കൃഷി ഓഫീസറും പദ്ധതിയുടെ നിർവഹണ ചുമതലയിൽ നിന്ന് പിന്മാറി. ഒടുവിൽ അഡിഷണൽ സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനാക്കിയാണ് ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതി സമർപ്പിച്ചത്. പ്രഥമദൃഷ്ട്യാ തന്നെ അസ്വാഭാവികത തോന്നിയതിനാൽ ജില്ലാ ആസൂത്രണ സമിതി പദ്ധതി അംഗീകരിക്കാതെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
തട്ടിപ്പിന്റെ ആഴം
കൃഷി വകുപ്പ് സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിൽ പതിനായിരം ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഒരു തൈ വച്ചുപിടിപ്പിക്കാൻ എട്ട് രൂപ മാത്രമാണ് കൃഷി വകുപ്പ് ചെലവാക്കുന്നത്. എന്നാൽ നഗരസഭയുടെ പദ്ധതിയിൽ 2680 രൂപയാണ് ഒരു തൈക്കായി ചെലവാക്കാൻ ഒരുങ്ങുന്നത്. രണ്ടാം വർഷം പരിപാലനത്തിന് 28 ലക്ഷം, മൂന്നാം വർഷം 25 ലക്ഷം എന്നിങ്ങനെ തുടർച്ചയായി സ്വകാര്യ ഏജൻസിക്ക് വർഷങ്ങളോളം പണം നൽകാനാണ് നീക്കം.
'' വെറുതെ തൈകൾ വച്ചുപിടിപ്പിക്കുന്നത് മാത്രമല്ല ഈ പദ്ധതി. പരിപാലിച്ച് വൃക്ഷത്തൈകൾ വലുതാക്കുന്നത് കൂടിയാണ്. ഇക്കാര്യം ഉറപ്പാക്കിയ ശേഷമേ പണം നൽകു''
ഹണി ബഞ്ചമിൻ (മേയർ)