 
 രണ്ടാംഘട്ട സർവേയ്ക്ക് തുടക്കമായി
കൊല്ലം: കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. കിറ്റ്കോയുടെ നേതൃത്വത്തിൽ നേരത്തേ സർവേ നടത്തി പ്ളാൻ തയ്യാറാക്കിയിരുന്നു. രണ്ടാംഘട്ട സർവേയ്ക്ക് ഇപ്പോൾ തുടക്കമായി. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് നീങ്ങും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ളവ അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്.
പള്ളിമുക്ക് വൈ.എം.എയ്ക്ക് സമീപത്ത് നിന്ന് തുടങ്ങി ഭരണിക്കാവ് റോഡിൽ സെന്റ് കുര്യാക്കോസ് സ്കൂളിന് സമീപം അവസാനിക്കുന്ന തരത്തിൽ നാന്നൂറ് മീറ്റർ നീളത്തിലുള്ള മേൽപ്പാലമാണ് നിർമ്മിക്കുക. ആദ്യം തയ്യാറാക്കിയ പ്ളാനിൽ മാറ്റം വരുത്തിയാണ് പുതിയ പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ചില്ലറ എതിർപ്പുകൾ ഇപ്പോഴും ഉണ്ടെങ്കിലും സമവായമുണ്ടാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാലുവരി പാത നിർമ്മിക്കുമ്പോഴും മേൽപ്പാലം നിർമ്മിക്കുമ്പോഴും കുണ്ടറയിലെ ശ്രീനാരായണഗുരു മന്ദിരം സംരക്ഷിക്കണമെന്ന് പൊതു ആവശ്യം ഉയർന്നിട്ടുണ്ട്.
 അഴിയും വർഷങ്ങളായുള്ള കുരുക്ക്
പള്ളിമുക്ക് ലെവൽക്രോസ് അടയ്ക്കുന്ന വേളകളിൽ ദേശീയപാതയിലും ഭരണിക്കാവ് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ദേശീയപാതയിലും ചിറ്റുമല, ഭരണിക്കാവ്, മുളവന ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഭരണിക്കാവ് റോഡിലും കുടുങ്ങും. ട്രെയിൻ കടന്നുപോയി ഏറെക്കഴിഞ്ഞാലും കുരുക്ക് അഴിയില്ല. അപ്പോഴേക്കും അടുത്ത ട്രെയിൻ കടന്നുപോകാനായി വീണ്ടും ലെവൽക്രോസ് അടയ്ക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സ്ഥാനാർത്ഥികളോടുള്ള ഇവിടത്തുകാരുടെ പ്രധാന ആവശ്യമായിരുന്നു റെയിൽവേ മേൽപ്പാലം. ഒടുവിൽ ജനവികാരം മാനിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ മുൻകൈയെടുത്ത് തുക അനുവദിക്കുകയായിരുന്നു.
 നാലുവരി പാതയും മേല്പാലവും ഒപ്പമെത്തും
കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് പഴയ ബസ് സ്റ്റാൻഡ് വരെയും കുണ്ടറ ആശുപത്രിമുക്ക് മുതൽ
പള്ളിമുക്ക് വരെയും നാലുവരി പാതയും കുണ്ടറ പള്ളിമുക്കിൽ മേല്പാലവും നിർമ്മിക്കാനുള്ള പദ്ധതിക്കൊപ്പം പള്ളിമുക്ക് റെയിൽവേ മേൽപ്പാലവും ഉൾപ്പെടുത്തിയിരുന്നു. 436 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കിഫ്ബി വഴി തുക ലഭിക്കുന്നതിന് ഭരണാനുമതിയായി. റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കേന്ദ്രസഹായവും ലഭ്യമാകും.