parthikal

പത്തനാപുരം: അച്ഛനെയും കൗമാരക്കാരനായ മകനെയും വീട് കയറി ആക്രമിച്ച് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചു. നടുക്കുന്ന് പാർവതി മന്ദിരത്തിൽ രമേശ് (52), മകൻ ശ്രീരാഗ് (17) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

ഇവരെ ആക്രമിച്ച ബന്ധു ഉൾപ്പെടുന്ന നാലംഗ സംഘത്തെ ഒന്നര മണിക്കൂറിനകം പൊലീസ് പിടികൂടി. രമേശിന്റെ സഹോദരി രമാദേവിയുടെ ഭർത്താവ് കൊല്ലം കാവനാട് പ്രവീൺ ഭവനിൽ പ്രവീൺ, കൊട്ടിയം പള്ളി പടിഞ്ഞാറ്റേതിൽ ചിറക്കര പുത്തൻവീട്ടിൽ അഭിലാഷ്, പട്ടത്താനം പള്ളിപ്പുറത്ത് ചെറുപുഷ്പ വിലാസത്തിൽ അപ്പു, മയ്യനാട് താഴത്ത് ചേരി തട്ടാണത്ത് കിഴക്കേതിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്. പ്രവീണും രമാദേവിയുമായി നാല് വർഷമായി അകന്ന് കഴിയുകയാണ്. രമാദേവിയും ഇളയ മകനും രമേശിനൊപ്പം നടുക്കുന്നിലെ കുടുംബവീട്ടിലാണ് താമസം. ഇളയ മകനെ കാണാനെന്ന പേരിലാണ് സുഹൃത്തുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ പ്രവീൺ ഇന്നലെ ഉച്ചയോടെ പത്തനാപുരത്തെ വീട്ടിൽ എത്തിയത്‌. പ്രവീണും രമേശും തമ്മിലുണ്ടായ സംസാരം വാക്കേറ്റത്തിലെത്തിയപ്പോഴാണ് പ്രവീൺ രമേശിനെ കുത്തിയത്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ എത്തിയപ്പോഴാണ് ശ്രീരാഗിനെയും കുത്തി വീഴ്ത്തിയത്. സമീപ വാസികൾ ഓടിയെത്തും മുൻപേ പ്രവീണും സംഘവും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് രമേശിനെയും ശ്രീരാഗിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. പ്രവീണും കൂട്ടാളികളും എത്തിയ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ നമ്പർ നാട്ടുകാർ പൊലീസിന് കൈമാറിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നര മണിക്കൂറിനകം പ്രതികളെ കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. പ്രതികളിൽ ഒരാൾ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ ജെ. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.