കുണ്ടറ: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ബി.ജെ.പി കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളമ്പള്ളൂരിൽ നിന്ന് ആരംഭിച്ച മാർച്ച് ഹോസ്പിറ്റൽ ജംഗ്‌ഷൻ വഴി മുക്കടയിൽ സമാപിച്ചു. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
ബി.ജെ.പി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് ഉദ്‌ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസൻ, ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ, മാമ്പുഴ സന്തോഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ, ചിറക്കോണം സുരേഷ്, ഇളവൂർ ശ്രീകുമാർ, ബാലചന്ദ്രൻ, പ്രതീഷ്, ഷാജു ബൈജു, ശ്രീപ്രസാദ്, പള്ളിമൺ സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകിട്ട് 5 മണിയോടെ യുവമോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളമ്പള്ളൂരിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മുക്കടയിൽ ദേശീയപാത ഉപരോധിച്ചു. അരമണിക്കൂറോളം മുക്കടയിൽ ഗതാഗതം സ്തംഭിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സനൽ മുകളുവിള, ജനറൽ സെക്രട്ടറി ശരത് മാമ്പുഴ, വൈസ് പ്രസിഡന്റ് പ്രതീഷ് ചിറയടി, സെക്രട്ടറിമാരായ ബാലു, നന്ദു എസ്. മോഹൻ, അനീഷ് എന്നിവർ നേതൃത്വം നൽകി.