photo
ഹൈസ്കൂൾ ജംഗ്ഷനിലെ മേല്പാലത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കൊല്ലം: നഗരത്തിലെ തിരക്കേറിയ ഇടങ്ങളായ ഹൈസ്‌കൂൾ ജംഗ്ഷൻ, ചെമ്മാൻമുക്ക് പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇനി സുഗമമായി റോഡ് മുറിച്ചുകടക്കാം. നിർമ്മാണം പൂർത്തിയായ ഹൈസ്‌കൂൾ ജംഗ്ഷൻ, ചെമ്മാൻമുക്ക് മേൽപ്പാലങ്ങൾ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌കൂൾ ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ ശിലാഫലകം എം. മുകേഷ് എം.എൽ.എയും ചെമ്മാൻമുക്കിലേത് എം. നൗഷാദ് എം.എൽ.എയും അനാച്ഛാദനം ചെയ്തു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു മേൽപ്പാലങ്ങളുടെ നിർമ്മാണം. ചെമ്മാൻമുക്ക് മേല്പാലത്തിന് 54 ലക്ഷം രൂപയും ഹൈസ്‌കൂൾ ജംഗ്ഷനിലെ മേൽപ്പാലത്തിന് 61 ലക്ഷം രൂപയുമാണ് നിർമ്മാണ ചെലവ്. കിറ്റ്‌കോയാണ് കൊല്ലത്തിന്റെ തനതായ ശൈലിയിൽ ഇവ രൂപകൽപ്പന ചെയ്തത്. മേൽപ്പാലത്തിന്റെ പില്ലറുകൾ നിർമ്മിച്ചിരിക്കുന്നത് ചിന്നക്കട ക്ലോക്ക് ടവർ മാതൃകയിലാണെന്നതും പ്രത്യേകതയാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പാർവതി മില്ലിന് സമീപം മൂന്നാമത്തെ മേൽപ്പാല നിർമ്മാണം ഉടൻ ആരംഭിക്കും. ഇതോടെ നഗരത്തിലെ കാൽനടയാത്ര കൂടുതൽ സുഗമമാകും.

ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എ. സത്താർ, ഗിരിജാ സുന്ദരൻ, പി.ജെ. രാജേന്ദ്രൻ, ചിന്ത എൽ. സജിത്ത്, വി.എസ്. പ്രിയദർശനൻ, ഷീബാ ആന്റണി, ടി.ആർ. സന്തോഷ്‌കുമാർ, കൗൺസിലർമാരായ എ.കെ. ഹഫീസ്, ദീപാ തോമസ്, റീന സെബാസ്റ്റ്യൻ, കോർപ്പറേഷൻ സെക്രട്ടറി കെ. ഹരികുമാർ, അഡീഷണൽ സെക്രട്ടറി എ.എസ്. നൈസാം, സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ്. ലത തുടങ്ങിയവർ പങ്കെടുത്തു.