തൊടിയൂർ: കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ 7 മുതൽ പ്രവർത്തനം നിർത്തിവച്ച കല്ലേലിഭാഗം കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളികളിൽ നിന്ന് 51,42,958 രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് കേരള ഫീഡ്സ് മാനേജ്മെന്റ്.കൊവിഡ് നെഗറ്റീവായ തൊഴിലാളികളെ വച്ച് 10 മുതൽ കമ്പനി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കയറ്റിറക്ക് തൊഴിലാളികൾ ഹാജരാകാതിരുന്നതിനാലാണ് 7, 8 തീയതികളിലെ നഷ്ടം അവരിൽ നിന്ന് ഈടാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. 10-ാം തീയതി മുതൽ കയറ്റിറക്ക് തൊഴിലാളികൾ ജോലിക്ക് ഹാജരാകുന്ന ദിവസം വരെ കമ്പനിക്കുണ്ടാകുന്ന നഷ്ടവും തൊഴിലാളികളിൽ നിന്ന് ഈടാക്കുമെന്ന് എല്ലാ ട്രേഡ് യൂണിയൻ കൺവീനർമാർക്കും മനേജ്മെന്റ് നൽകിയ കത്തിൽ പറയുന്നു.
മാനേജ്മെന്റ് നിർദ്ദേശങ്ങൾ അനുസരിക്കാതെ കയറ്റിറക്ക് തൊഴിലാളികൾ തുടർന്നും നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ നടത്തിയാൽ അത്തരക്കാരെ ഒഴിവാക്കി പകരം കയറ്റിറക്ക് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് തൊഴിലാളികളെ എടുക്കുന്നതാണെന്നും കത്തിൽ പറയുന്നു.