kallupalam
പുനർനിർമ്മാണത്തിനായി കല്ലുപാലം പൊളിച്ചപ്പോൾ (ഫയൽ ചിത്രം)​

കൊല്ലം: ലക്ഷ്മിനട മുതൽ പണ്ടകശാല വരെയുള്ള റോഡുഗതാഗതം പൊലീസ് നിരോധിക്കാത്തതിനാൽ കല്ലുപാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. പാലത്തിന്റെ ചാമക്കട ഭാഗത്തെ നിർമ്മാണ പ്രവർത്തനം മാത്രമാണ് നിലവിൽ നടക്കുന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തിയാൽ മാത്രമേ ഇരുഭാഗത്തെയും നിർമ്മാണ പ്രവർത്തനം ഒരുമിച്ച് കൊണ്ടുപോകാനാകൂ.

നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ ഓരത്തുകൂടി ലക്ഷ്മിനടയിൽ നിന്നുള്ള വാഹനങ്ങൾ പണ്ടകശാല ഭാഗത്തേക്ക് പോകുന്നുണ്ട്. തോടിന് സമാന്തരമായുള്ള റോഡിലൂടെയാണ് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത്. 25 മീറ്റർ നീളത്തിൽ 4 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. അഞ്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

 വാഹന ഗതാഗതം നിരോധിക്കണം

വാഹന ഗതാഗതം നിരോധിച്ചാലേ യന്ത്രങ്ങൾ ഉപയോഗിച്ച് പാലം നിർമ്മാണത്തിന് മുന്നോടിയായി ലക്ഷ്മിനട ഭാഗത്തെ തോടിന്റെ പാർശ്വഭിത്തി ബലപ്പെടുത്താൻ കഴിയൂ. പാർശ്വഭിത്തിക്ക് മുകളിലൂടെ ഇരുമ്പുഷീറ്റ് പാകി കോൺക്രീറ്റ് നിറച്ചാണ് ബലപ്പെടുത്തൽ. ഇതിനായി ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് ഓണത്തിന് മുൻപ് പൊലീസിന് കത്ത് നൽകിയതാണ്. ഓണക്കാലത്ത് ഗതാഗതം നിരോധിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന് പറഞ്ഞ് കൂടുതൽ സമയം ആവശ്യപ്പെട്ടു. ഓണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

 8 വീതം പില്ലറുകൾ

പാലം നിർമ്മിക്കുന്നതിന്റെ ഇരുവശത്തും എട്ട് വീതം പില്ലറുകളാണുള്ളത്. ഇതിൽ ചാമക്കട ഭാഗത്ത് ഒരു പില്ലറിന്റെ പൈലിംഗും 60 മീറ്റർ ആഴത്തിൽ കോൺക്രീറ്റ് ചെയ്യലും കഴിഞ്ഞു. അടുത്ത പില്ലറിന്റെ പൈലിംഗ് ഉടൻ ആരംഭിക്കും. ഗതാഗതം നിരോധിക്കാത്തതിനാൽ മറുവശത്ത് ഒരു നിർമ്മാണ പ്രവൃത്തിയും നടക്കുന്നില്ല.

 25 മീറ്റർ നീളത്തിൽ 4 കോടി ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്