baiga

ശരീരമാസകലം പച്ച കുത്തുന്ന ആദിവാസി സമൂഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വർഷങ്ങൾക്കു മുൻപ് ഒരു രാജാവിൽ നിന്ന് യുവതികളെ രക്ഷിക്കാൻ തുടങ്ങിവച്ച പച്ചകുത്തു സമ്പ്രദായം ഇന്നും അതേപടി തുടരുകയാണ്.ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ വലിയൊരു ഗോത്രവിഭാഗമായ ബൈഗകളാണ് ഈ പച്ചകുത്തുഗോത്രം. 12 മുതൽ 20 വയസുവരെയുള്ള പെൺകുട്ടികളാണ് ശരീരത്ത് പച്ചകുത്തേണ്ടത്. പച്ചകുത്താത്ത പെൺകുട്ടിയുടെ വിവാഹം നടക്കില്ല.
പ്രായം കൂടുന്നതനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് പച്ചകുത്തുക. നെറ്റിയിൽ തുടക്കം. പിന്നീട് കാലുകൾ, തുട ,നാഭി, മാറിടം, മുതുക് (ബ്ലൗസ് ആകൃതി ) ഒടുവിൽ മുഖം. ഇങ്ങനെയാണ് പച്ചകുത്തൽ പ്രക്രിയ മുന്നേറുക.

പച്ചകുത്തുമ്പോഴുള്ള കഠിനവേദനയിൽ പെൺകുട്ടികൾ അലറിവിളിക്കുമ്പോൾ പ്രായമായ സ്ത്രീകൾ കൂടെയിരുന്ന് പെൺകുട്ടികളെ ആശ്വസിപ്പിക്കും. പ്രത്യേകം പരിശീലനം നേടിയവരാണ് പച്ചകുത്തുന്നവർ . ഇവരെ ‘ബദനീൻ’ എന്നാണു വിളിക്കുന്നത്‌.
പച്ചകുത്താൻ പ്രത്യേക മുറിയൊക്കെയുണ്ട്. അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല. അഥവാ ഏതെങ്കിലും പുരുഷൻ ഒളിഞ്ഞു നോക്കിയാൽ അയാൾക്ക്‌ പിന്നീട് വിവാഹവും മൃഗങ്ങളെ നായാട്ടും നിഷിദ്ധമാകും.
പച്ചകുത്തുന്നതുമായി ബന്ധപ്പെട്ട് ഇവരുടെയിടയിൽ ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. ‘പണ്ട് കാമാന്ധനായ ഒരു രാജാവുണ്ടായിരുന്നത്രേ. അയാൾ ഗ്രാമങ്ങളിൽനിന്ന് ഓരോ ദിവസം അവിവാഹിതകളായ ഓരോ പെൺകുട്ടിയെ വീതം പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം അവരുടെ ശരീരത്ത് പച്ചകുത്തിവിടുമായിരുന്നത്രേ. പച്ചകുത്തിയ പെൺകുട്ടികളെ പിന്നീട് രാജാവ് പിടിച്ചുകൊണ്ടുപോകില്ല. ഇതേത്തുടർന്ന് രാജാവിനെ കബളിപ്പിക്കാൻ അവിവാഹിതകളായ ഗ്രാമീണ സ്ത്രീകളെല്ലാം ശരീരത്തിൽ പച്ചകുത്താൻ തുടങ്ങുകയും രാജാവിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നുവത്രെ.
മരണശേഷം സ്വർഗത്തിലെത്തുമ്പോൾ പച്ചകുത്താത്തവർക്ക് ശിക്ഷയായി വലിയ വാളുകൊണ്ട് പച്ചകുത്തുമെന്നും ഇവർ വിശ്വസിക്കുന്നു. ആ ദൈവകോപം ഇല്ലാതാക്കാനാണ് ഈ ആചാരമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.