പൊലീസ് ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു
കൊല്ലം: മിനിട്സ് തിരുത്തൽ അടക്കമുള്ള നഗരസഭയിലെ അഴിമതികളിൽ പ്രതിഷേധിച്ച് മേയർ ഹണി ബഞ്ചമിന്റെ ഉളിയക്കോവിലിലെ വസതിയിലേക്ക് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർക്കാൻ യുവമോർച്ച പ്രവർത്തകർ നിരന്തരം ശ്രമിച്ചതോടെ പൊലീസ് ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു.
ഉളിയക്കോവിൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയ നൂറോളം പ്രവർത്തകരെ വൈദ്യശാലാ ഗുരുമന്ദിരത്തിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് ബി.ജെ.പി നേതാക്കളെത്തി യുവമോർച്ചാ പ്രവർത്തകരെ അനുനയിപ്പിച്ചു.
തുടർന്ന് നടന്ന ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഴിമതി നടത്താൻ വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സ്ഥാപനമായി കൊല്ലം നഗരസഭ മാറിയെന്ന് ബി.ബി. ഗോപകുമാർ പറഞ്ഞു. മുൻമേയറും നിലവിലെ മേയറും തമ്മിൽ അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. പദ്ധതി തുകയുടെ തൊണ്ണൂറ് ശതമാനവും കമ്മിഷൻ ഇനത്തിൽ മോഷ്ടിക്കുന്ന വിചിത്രമായ ഭരണമാണ് കോർപ്പറേറേഷനിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സാംരാജ്, സെക്രട്ടറി ഷിബു, ട്രഷറർ കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ, ജില്ലാ കമ്മിറ്റി അംഗം നിഖിൽ കരുവ എന്നിവർ സംസാരിച്ചു.
പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം
മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനമായെത്തി വൈദ്യശാല ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. ഇവരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, മണ്ഡലം സെക്രട്ടറിമാരായ രമേശ് കുരീപ്പുഴ, യദുകൃഷ്ണൻ, വൈസ് പ്രസിഡന്റ് സജിൻ, സുജിത്, കൃഷ്ണകാന്ത്, അരുൺ, കിരൺ, അൻസിൽ ആന്റണി, മനുലാൽ,അഭിജിത്, അഖിലേഷ്, വിഷ്ണു, ശരൺ, ഗണേഷ്, സൂര്യരാജ്, കിരൺ പ്രകാശ്, അഭിലാഷ്, രാജേഷ്, അരുൺദാസ്, അനന്ദു, രാഹുൽ, വിഷ്ണു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.