sivil-stat
നാശത്തിലേക്ക് നീങ്ങുന്ന പുനലൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരം.

പുനലൂർ:അധികൃതരുടെ അനാസ്ഥയെ തുടർന്ന് പുനലൂർ കച്ചേരി റോഡിലെ മിനി സിവിൽ സ്റ്റേഷൻ മന്ദിരം നാശത്തിലേക്ക് നീങ്ങുന്നു. പുനരുദ്ധാരണ ജോലികൾ ഒന്നും തന്നെ ചെയ്യാത്തതാണ് കെട്ടിടം നാശത്തിലേക്ക് നീങ്ങാൻ മുഖ്യ കാരണം. പത്ത് വർഷം മുമ്പ് മൂന്ന് കോടി രൂപ ചെലവഴിച്ച് മൂന്ന് നിലയിൽ പണി കഴിപ്പിച്ച കെട്ടിട സമുച്ചയമാണിത്. പുനലൂർ നിവാസികളുടെ ഏറെ നാളത്തെ ആവശ്യത്തെ തുടർന്നായിരുന്നു മിനിസിവിൽ സ്റ്റേഷൻ പണിതത്.പ്രദേശത്ത് ചിതറി കിടന്ന സർക്കാർ ഓഫീസുകൾ ഒരു കെട്ടിടത്തിൽ കൊണ്ട് വരികയെന്ന ലക്ഷ്യം ഇതോടെ യാഥാർത്ഥ്യമാക്കി. .റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുളള കെട്ടിട സമുച്ചയം നവീകരിച്ച് മോടിപിടിപ്പിച്ച് സംരക്ഷിക്കണമെന്നാവശ്യം ഉയർന്നിട്ട് നാളുകൾ ഏറെയായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

വിള്ളലും പായലും

കോടതികൾ ഉൾപ്പടെ രണ്ട് ഡസനിൽ അധികം സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചു വരുന്ന താലൂക്ക് ഓഫീസ്, വ്യവസായ വകുപ്പിന്റെ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ടൗൺ എംപ്ലോയിമെന്റ് എക്സ്ച്ചേഞ്ച്, വനം, ഫസ്റ്റ്,സെക്കൻറ് ക്ലാസ് കോടതികൾ, സബ്ട്രഷറി,ലേബർ ഓഫീസ്, ഇലക്ഷൻ വിഭാഗം തുടങ്ങിയ 20ൽ അധികം വരുന്ന സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചു വരുന്ന കെട്ടിടമാണ് വിള്ളൽ വീണ് പായൽ പിടിച്ച് നശിച്ച് കൊണ്ടിരിക്കുന്നത്

വൃത്തിയില്ലായ്മയും ദുർഗന്ധവും

ഓഫീസുകളിലെ നശിച്ച ഫർണിച്ചറുകളും മാലിന്യങ്ങളും മറ്റും സൂക്ഷിക്കുന്നതും കെട്ടിടത്തിനുള്ളിൽ തന്നെയാണ്. കൂടാതെ ഓഫീസുകളോട് ചേർന്ന ശൗചാലയങ്ങൾ വൃത്തിയാക്കാത്തത് കാരണം അതിൽ നിന്നും ഉയരുന്ന ദുർഗന്ധം കാരണം ആളുകൾ മൂക്ക് പൊത്താതിരിക്കാനാവില്ല. കെട്ടിടത്തിന് പുറകിൽ സബ് ട്രഷറിയോട് ചേർന്ന ഭാഗത്ത് കാട് വളർന്നിട്ട് മാസങ്ങായി.ഇവിടെ സ്ഥിതി ചെയ്തിരുന്ന കാന്റീൻെറ പ്രവർത്തനം നിലച്ചിട്ടു ഒരു വർഷം പിന്നിടുകയാണ്.ഇത് കാരണം സർവീസ് പെൻഷൻ വാങ്ങാൻ എത്തുന്ന വൃദ്ധരായ റിട്ട.സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവർക്ക് കാപ്പികുടിക്കാനുളള സൗകര്യം പോലും നിലച്ചിരിക്കുകയാണ്.