പരവൂർ: എസ്.എൻ.ഡി.പി യോഗം 961-ാം നമ്പർ ഒല്ലാൽ അരുണോദയം ശാഖയിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നവീകരിച്ച ഓഫീസിന്റെയും ഗ്രന്ഥശാലയുടെയും സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനവും നടന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് തഴുത്തല ക്ഷേത്രം തന്ത്രി ചന്ദ്രശേഖരൻ കാർമ്മികത്വം വഹിച്ചു.
നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. ശ്രീനാരായണ ഗ്രന്ഥശാല നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബയും സാംസ്കാരിക നിലയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പനും ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിലേക്ക് കെ. സദാനന്ദൻ സംഭാവന ചെയ്ത പുസ്തകങ്ങൾ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഏറ്റുവാങ്ങി.
ഗുരുദേവ പഞ്ചലോഹ പ്രതിമയും ഗുരുമന്ദിരവും സാംസ്കാരിക നിലയവും സംഭാവനയായി നൽകിയ അനിതാ മോഹൻലാൽ, ഓഫീസ് നവീകരണത്തിന് സഹായിച്ച ശാന്താ വിദ്യാസാഗർ, ഗ്രന്ഥശാല മന്ദിരം സമർപ്പിച്ച വിപിൻ വിജയൻ, റാണി ശാന്തിലാൽ, വിജയകുമാർ, ഡോ. പ്രേംലാൽ ചാറ്റർജി, അരുൺ പുരുഷോത്തമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ കൗൺസിലർ പി. നിഷാകുമാരി, കൗൺസിലർ സുധീർ ചെല്ലപ്പൻ, ബി. പ്രേംനാഥ്, യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, ശാഖാ പ്രസിഡന്റ് എസ്.വി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.