covid

കൊല്ലം: കഴിഞ്ഞ പത്ത് ദിവസത്തിനിടെ ജില്ലയിൽ 2414 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് മുൻപുള്ള പത്ത് ദിവസത്തിനിടയിൽ1352 പേർക്ക് മാത്രമേ കൊവിഡ് സ്ഥിരീകരിച്ചിരുന്നുള്ളൂ. ഓരോ പത്ത് ദിവസം കൂടുന്തോറും ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആയിരത്തിലധികം വർദ്ധനവുണ്ടാകുന്നെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. നേരത്തേ രോഗം സ്ഥിരീകരിക്കുന്നതിന് ആനുപാതികമായി രോഗമുക്തിയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രോഗമുക്തി രോഗബാധയെക്കാൾ വളരെ കുറവാണ്. കൊവിഡ് ആശുപത്രികളും ഫസ്റ്റ്, സെക്കൻ‌ഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും രോഗികളെക്കൊണ്ട് നിറയുകയാണ്. ഈ മാസം ഇതുവരെയുള്ള കണക്കനുസരിച്ച് പോസിറ്റീവ് കേസുകളുടെ പ്രതിദിന ശരാശരി ഏകദേശം 250 ആണ്. അടുത്ത ആഴ്ചയോടെ ഇത് 300 ആകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

 രോഗതീവ്രത ഉയരുന്നോ?

മുൻപ് കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലായിരുന്നു. അത്യാസന്ന നിലയിലേക്ക് പോകുന്നവരും കുറവായിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ വലിയൊരു വിഭാഗത്തിനും രോഗലക്ഷണങ്ങളുണ്ട്. പത്ത് ശതമാനത്തിലേറെ പേർ ഗുരുതരാവസ്ഥയിലുമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ചികിത്സിക്കുന്ന പാരിപ്പള്ളി മെഡി. കോളേജിൽ ഇപ്പോൾ 233 പേരുണ്ട്.

 ഐ.സി.യുവിൽ: 22 പേർ

 വെന്റിലേറ്ററിൽ: 6 പേർ

 പ്രതിരോധിക്കാൻ ക്ലസ്റ്ററുകൾ

കൊവിഡിനെ പ്രതിരോധിക്കാൻ 15 മുതൽ 25 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ലസ്റ്റർ രൂപീകരണം കൂടുതൽ ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം. ഇതുവരെ 59 തദ്ദേശ സ്ഥാപനങ്ങളെ 225 വാർഡുകളിലാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചത്. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുകയാണ് ക്ലസ്റ്റർ രൂപീകരണത്തിന്റെ പ്രധാനലക്ഷ്യം. ക്ലസ്റ്ററിൽ ഉൾപ്പെടുന്ന കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ അവർ പുറത്തിറങ്ങാതെ തന്നെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്ലസ്റ്റർ പ്രതിനിധികളും വഴി നിറവേറ്റപ്പെടും. ക്ലസ്റ്റർ എല്ലായിടത്തും രൂപീകരിച്ചാൽ വലിയ അളവിൽ കൊവിഡിനെ പ്രതിരോധിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

 ഇതുവരെ രൂപീകരിച്ച ക്ലസ്റ്ററുകൾ: 22,908

 ഉൾപ്പെട്ട കുടുംബങ്ങൾ: 6,00,469

 നിലവിൽ ചികിത്സയിലുള്ളവർ: 2383

 പാരിപ്പള്ളി മെഡി. കോളേജിൽ: 233

 ജില്ലാ ആശുപത്രിയിൽ: 176

 ഫസ്റ്റ്/ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ: 1375