കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ ഇ.ടി.സി വാർഡിലെ അങ്കണവാടിയ്ക്ക് ഹൈടെക് കെട്ടിടത്തിനൊപ്പം സുശക്തമായ പൊലീസ് കാവലും! റൂറൽ എസ്.പി ഓഫീസിന് നിർമ്മിക്കുന്ന കെട്ടിടത്തോട് ചേർന്നാണ് അങ്കണവാടിയ്ക്ക് കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്. രണ്ട് നിലയുള്ളതാണ് അങ്കണവാടി കെട്ടിടം. ശീതീകരിച്ച മുറികളും സ്മാർട്ട് ടി.വിയും വിശ്രമ മുറിയും കളിസ്ഥലവും അടുക്കളയും വർക്ക് ഏരിയയും ഇതിലുണ്ട്. ചുവരുകളിൽ ചിത്രപ്പണികൾ നടത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ പി.എസ്.സി പഠന കേന്ദ്രവും ബാല ലൈബ്രറിയും താഴെ അങ്കണവാടിയുമാണ് പ്രവർത്തിക്കുക. പി.ഐഷാപോറ്റി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയും നഗരസഭയുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായങ്ങളും ചേർത്ത് 25 ലക്ഷം രൂപയുടെ കെട്ടിടമാണ് ഇവിടെ നിർമ്മിച്ചത്. വ്യാപാരി വ്യവസായികളാണ് ഫർണിച്ചർ നൽകിയത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ടെലിവിഷനും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും സമ്മാനിച്ചു. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് പാർക്ക് ഉടൻ സ്ഥാപിക്കും.
പൊലീസിനൊപ്പം
തൃക്കണ്ണമംഗലിലെ കെ.ഐ.പി വക കെട്ടിടങ്ങളിൽ ഒന്നിലാണ് അങ്കണവാടി വാടകയ്ക്ക് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും കെ.ഐ.പി ഓഫീസ് നിർത്തലാക്കിയതോടെ കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. മിനി സിവിൽ സ്റ്റേഷൻ വരുന്നതിന് മുൻപ് താലൂക്ക് ഓഫീസും അനുബന്ധ ഓഫീസുകളും ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ മൂന്നര ഏക്കർ ഭൂമി റൂറൽ എസ്.പി ഓഫീസ് കെട്ടിടം നിർമ്മിക്കാനായി വിട്ടുനൽകുകയായിരുന്നു. ഇവിടെ നിന്നും അങ്കണവാടി കുടിയിറക്കപ്പെടുമെന്ന ഭീതിയുണ്ടായിരുന്നു. മാറിക്കൊടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടും കുട്ടികളുമായി ഇവിടുന്ന് മാറില്ലെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. അങ്കണവാടി വർക്കർ എ.കെ.ശ്രീലത നഗരസഭ അധികൃതർക്കും എം.എൽ.എയ്ക്കുമടക്കം നിവേദനം നൽകിയശേഷം തിരുവനന്തപുരത്തും കൊല്ലത്തുമായി വിവിധ വകുപ്പുതല ഓഫീസുകൾ കയറിയിറങ്ങിയപ്പോഴാണ് അങ്കണവാടിയ്ക്കായി അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. പിന്നീടാണ് കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചത്. ഇപ്പോൾ എസ്.പി ഓഫീസ് കോമ്പൗണ്ടിൽത്തന്നെ അങ്കണവാടിയ്ക്ക് ഹൈടെക് കെട്ടിടമായി. എസ്.പി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ അങ്കണവാടിയും ഇരുപത്തി നാല് മണിക്കൂറും പൊലീസ് കാവലുള്ള സുശക്ത ഇടമായി മാറും.
ഉദ്ഘാടനം ചെയ്തു
ഹൈടെക് അങ്കണവാടി കെട്ടിടം പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമള അമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ എസ്.പി ഹരിശങ്കർ, ജില്ലാ അഡീഷണൽ ജഡ്ജി ഗിരീഷ്, നഗരസഭ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണ പിള്ള, കൗൺസിലർമാരായ സി.മുകേഷ്, എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണ മേനോൻ, കോശി.കെ.ജോൺ, അങ്കണവാടി വർക്കർ എ.കെ.ശ്രീലത എന്നിവർ സംസാരിച്ചു.