കൊല്ലം : തഴവയിൽ രണ്ടുപേ‌ർക്ക് കൂടി കൊവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പത്താം വാർഡിലെ ആശാപ്രവർത്തകയുടെ അമ്മയ്ക്കും മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശാപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട ഇവരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇന്നലെയാണ് ഇരുവരും പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ രണ്ടുപേരെയും കൊല്ലത്തെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വാർഡുകളിൽ നിന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരെ ഇന്നും നാളെയുമായി മണപ്പള്ളി തണ്ണീർക്കരയിലെ പരിശോധനാ കേന്ദ്രത്തിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.ആശാ പ്രവർത്തകയുമായി സമ്പർക്കമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ ഇന്ന് സ്രവ പരിശോധനക്ക് വിധേയരാക്കും.തഴവ പഞ്ചായത്തിൽ ആശാ പ്രവർത്തകയ്ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തഴവ കുടുംബാരോഗ്യ കേന്ദ്രം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. അണുനശീകരണത്തിന് ശേഷം ചൊവ്വാഴ്ച മുതൽ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ -ചാർജ് ഡോ. ജാസ്മിൻ റിഷാദ് അറിയിച്ചു.