photo

കൊല്ലം: കുണ്ടറയിലെ ഗതാഗത കുരുക്കഴിക്കാൻ പള്ളിമുക്കിൽ റെയിൽവേ ഒാവർബ്രിഡ്ജ് വരുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യം നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് പഴയ ബസ് സ്റ്റാൻഡ് വരെയും കുണ്ടറ ആശുപത്രിമുക്ക് മുതൽ പള്ളിമുക്ക് വരെയും നാലുവരി പാതയും, കുണ്ടറ പള്ളിമുക്കിൽ ഫ്ളൈ ഓവറും നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതിനൊപ്പം പള്ളിമുക്ക് റെയിൽവേ ഒാവർബ്രിഡ്ജും ഉൾപ്പെടുത്തിയിരുന്നു. 436 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കിഫ്ബി വഴി തുക ലഭിക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ട്. റെയിൽവേ ഒാവർബ്രിഡ്ജ് നിർമ്മിക്കുന്നതിന് കേന്ദ്ര സഹായവും ലഭ്യമാകും. പള്ളിമുക്ക് വൈ.എം.എയ്ക്ക് സമീപത്ത് നിന്ന് തുടങ്ങി ഭരണിക്കാവ് റോഡിൽ സെന്റ് കുര്യാക്കോസ് സ്കൂളിന് സമീപം അവസാനിക്കുന്ന വിധത്തിലുള്ള നാനൂറ് മീറ്റർ നീളമുള്ള ഫ്ളൈഒാവറാണ് നിർമ്മിക്കുക.

ആദ്യം തയ്യാറാക്കിയ പ്ളാനിൽ മാറ്റം വരുത്തിയാണ് പുതിയ പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ചില്ലറ എതിർപ്പുകൾ ഇപ്പോഴും ഉണ്ടെങ്കിലും സമവായമുണ്ടാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കിറ്റ്കോയുടെ നേതൃത്വത്തിൽ നേരത്തെ സർവെ നടത്തി പ്ളാൻ തയ്യാറാക്കിയിരുന്നു. രണ്ടാം ഘട്ട സർവെയ്ക്ക് ഇപ്പോൾ തുടക്കമിട്ടിട്ടുണ്ട്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് നടപടികളിലേക്ക് തിരിയും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ളവ അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. നാലുവരി പാതയും ഒാവർബ്രിഡ്ജ് നിർമ്മിക്കുമ്പോൾ കുണ്ടറയിലെ ശ്രീനാരായണ ഗുരുമന്ദിരം സംരക്ഷിക്കണമെന്ന് പൊതു ആവശ്യം ഉയർന്നിട്ടുണ്ട്.

ഇനി കുരുക്കഴിയും

പള്ളിമുക്ക് ലെവൽക്രോസ് അടയ്ക്കുന്ന വേളകളിൽ ദേശീയ പാതയിലും ഭരണിക്കാവ് റോഡിലും വൻ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. വാഹനങ്ങളുടെ എണ്ണം കൂടിവരുന്നതിനാൽ ദുരിതവും ഏറി. ഇടവിട്ട് ട്രെയിൻ കടന്നുപോകുമ്പോഴെല്ലാം ഈ കുരുക്ക് തുടരുകയായിരുന്നു. കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ദേശീയ പാതയിലും ചിറ്റുമല, ഭരണിക്കാവ്, മുളവന ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഭരണിക്കാവ് റോഡിലും കുടുങ്ങിക്കിടക്കും. ട്രെയിൻ കടന്നുപോയി ഏറെക്കഴിഞ്ഞാലും ഇവിടുത്തെ കുരുക്ക് അഴിയില്ല. അപ്പോഴേക്കും അടുത്ത ട്രെയിൻ കടന്നുപോകാനായി വീണ്ടും ലെവൽക്രോസ് അടയ്ക്കും. ഈ ദുരിതം മാറ്റണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളോട് നാട്ടുകാർ പ്രധാനമായും ആവശ്യപ്പെട്ടതും ഒാവർബ്രിഡ്ജ് നിർമ്മിക്കുന്ന വിഷയമാണ്. മന്ത്രി മേഴ്സിക്കുട്ടി അമ്മ ഈ വികാരം മാനിച്ച് മുൻകൈ എടുത്താണ് തുക അനുവദിച്ചത്. ഇളമ്പള്ളൂരും മുക്കടയിലും ലെവൽക്രോസ് അടയുമ്പോൾ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ പ്രഥമ പരിഗണന പള്ളിമുക്കിന് തന്നെ നൽകി. സർവെ പൂർത്തിയാക്കി മറ്റ് നടപടികളിലേക്ക് ഉടൻ തിരിയും. ഒാവർബ്രിഡ്ജും ദേശീയ പാതയിലെ ഫ്ളൈ ഓവറും വൈകാതെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.