പുനലൂർ: ശുചിത്വ പദ്ധതിയിൽ ജില്ലയിൽ പുനലൂർ നഗരസഭ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സംസ്ഥാന ഹരിത കേരള മിഷൻ നടത്തിയ പരിശോധനയിൽ 90 ശതമാനം മാർക്ക് നേടിയാണ് പുനലൂർ നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്.മാലിന്യ സംസ്കരണത്തിൽ വീടുകൾ കേന്ദ്രീകരിച്ചും പ്ലാച്ചേരിയിൽ അജൈവ മാലിന്യ പ്ലാന്റ് സ്ഥാപിച്ചും തുടരുന്ന പ്രവർത്തന രീതികളാണ് നഗരസഭയെ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ മുഖ്യകാരണമായത്. ഇത് കണക്കിലെടുത്ത് സീറോവേസ്റ്റ് മുനിസിപ്പാലിറ്റിയായി നേരത്തെ പുനലൂരിനെ പ്രഖ്യാപിച്ചിരുന്നു. ശുചിത്വ പദ്ധതിയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയത് കണക്കിലെടുത്ത് ലോകബാങ്കിന്റെ ഗ്രാന്റായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ കെ.എ ലത്തീഫ് അറിയിച്ചു.
ഗ്രാന്റായി ലഭിക്കുന്ന തുക ശുചിത്വ പരിപാടികൾക്ക് മാത്രം ചെലവഴിക്കും. തുക ലഭിക്കുന്നതിന് ആവശ്യമായ എഗ്രിമെന്റ് അടക്കമുള്ള നടപടികൾ പൂർത്തിയായെന്നും അടുത്തുതന്നെ തുക ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുക ലഭിക്കുന്നതോടെ നഗരസഭയിലെ എല്ലാവാർഡുകളിലും പാതയോരത്തെ മാലിന്യ നിക്ഷേപം കണ്ടുപിടിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന തടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കും. നിലവിൽ ഡെസ്റ്റ് ബിന്നുകൾ അടക്കം എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്കരണം സംബന്ധിച്ച് പൊതുജന ബോധവത്കരണം, സെമിനാറുകൾ, പുതിയ പ്രോജക്ടുകൾ തുടങ്ങിയവയും നടപ്പിലാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.