covid

 ചടങ്ങുകളിൽ ആൾക്കൂട്ടം പാടില്ലെന്ന് ആരോഗ്യ വകുപ്പ്

കൊല്ലം: ജനങ്ങളുടെ സ്വയം പ്രതിരോധത്തിലുണ്ടാകുന്ന വലിയ വീഴ്‌ചകൾ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യ വകുപ്പ്. വിവാഹം, വിവാഹ നിശ്ചയം, പിറന്നാൾ ആഘോഷം തുടങ്ങിയ ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും വിലയിരുത്തൽ. നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് ഒരു വിഭാഗം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. എന്നാൽ മറ്റൊരു വിഭാഗം ഒരാഴ്ച നീളുന്ന ആഘോഷവുമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തിരക്ക് ഒഴിവാക്കാനെന്ന പേരിൽ മൂന്നും നാളും ദിവസം നീളുന്ന ആഘോഷം നടത്തുന്നവർ കൊവിഡ് മാനദണ്ഡം ലംഘിക്കുകയാണ്.

 വിവാഹങ്ങൾക്ക് ആൾക്കൂട്ടം പാടില്ല

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റി വെച്ചിരുന്ന വിവാഹങ്ങൾ മിക്കതും ഇപ്പോൾ നടക്കുകയാണ്. ഇതോടെ ചിങ്ങ മാസത്തിൽ വിവാഹങ്ങളുടെ എണ്ണം കൂടി. കല്യാണം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് ആൾക്കൂട്ടം അനുവദിക്കാനാകില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു. ജില്ലയിൽ നടന്ന ഇത്തരം ചടങ്ങുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടി.

ചടങ്ങുകളിലൂടെ രോഗ വ്യാപനം

വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ രോഗം പിടിപെടുന്ന സാഹചര്യം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായി. രാവിലെ മുതൽ വൈകിട്ട് വരെ ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങുകൾ ജില്ലയിൽ നടന്നിട്ടുണ്ട്. ഇത്തരം പ്രവണതകൾ കൊവിഡ് പ്രതിരോധത്തെ താളം തെറ്റിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ടവർ ചടങ്ങുകളിൽ പങ്കെടുക്കുന്നത് അപകടകരമാണ്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കൊവിഡ് അതിവ്യാപനത്തിലേക്കെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പരമാവധി ആളെ കുറയ്ക്കുക. സാമൂഹ്യ അകലം പാലിച്ച് സമ്പർക്കം കുറയ്ക്കുക മാത്രമാണ് ഏകമാർഗം.

ജില്ലാ മെഡിക്കൽ ഓഫീസർ, കൊല്ലം