കൊട്ടാരക്കര : കൊല്ലം റൂറലിലെ 16 പരീക്ഷ കേന്ദ്രങ്ങളിലും കൃത്യമായ സംവിധാനം ഒരുക്കി റൂറൽ പൊലീസ്. പരീക്ഷ എഴുതേണ്ടവരുടെ ലിസ്റ്റുകൾ പൊലീസ് മുൻകൂട്ടി പരിശോധിച്ച് അവർക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങളൊരുക്കി നൽകി. രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേകം ആയിട്ടുള്ള വെയ്റ്റിംഗ് റൂം സംവിധാനമൊരുക്കി. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. എല്ലാ കേന്ദ്രങ്ങളിലും തെർമൽ സ്ക്രീനിംഗ് ഉറപ്പാക്കി. ഒരു ക്ലാസിൽ സാമൂഹിക അകലം പാലിക്കുന്ന വിധത്തിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തി. പരീക്ഷ കഴിഞ്ഞ് ഉടൻ കൂട്ടത്തോടെ കുട്ടികളെ ഇറക്കി വിടുന്നത് ഒഴിവാക്കി കൊണ്ട് മുൻകൂട്ടി ഓരോ ക്ലാസുകളിൽ നിന്നും കുട്ടികൾക്ക് ഇറങ്ങാനുള്ള സമയം നിശ്ചയിച്ച് നൽകിയതുവഴി പരീക്ഷ തീരുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാൻ സാധിച്ചു. രാവിലെ മുതൽ പരീക്ഷ അവസാനിക്കുന്നതു വരെ സെന്ററുകൾ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.കൊവിഡ് പ്രോട്ടോകോൾ പ്രകാരം 16 സെൻസറുകളിലും വളരെ മികച്ച രീതിയിൽ പരീക്ഷ നടത്താൻ സാധിച്ചതായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.