photo

കൊല്ലം: പുത്തൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. വഴിയാത്രക്കാരും വ്യാപാരികളും ഭീതിയിൽ. പുത്തൂർ പൊലീസ് സ്റ്റേഷൻ പരിസരത്തും പടിഞ്ഞാറേ ചന്തയിലും രാവും പകലും തെരുവ് നായകളുടെ വിളയാട്ടമാണ്. ആലയ്ക്കൽമുക്കിലും ചേരിയിൽ ക്ഷേത്ര പരിസരത്തും ഇവ തമ്പടിക്കുന്നുണ്ട്. നായകളുടെ ശല്യം കാരണം ജനങ്ങൾക്ക് ഇറങ്ങിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളിലെത്തുന്ന പാൽവിതരണക്കാരെയും പത്രവിതരണക്കാരെയും നായകൾ ആക്രമിക്കുന്നത് നിത്യസംഭവമാണ്. പൊലീസ് സ്റ്റേഷന് മുന്നിൽ പരാതി കൊടുക്കാനെത്തിയവർക്കും പൊലീസുകാർക്കും തെരുവ് നായയുടെ കടിയേറ്റ സംഭവവും ഉണ്ട്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ കുടുംബം നായയെ ഇടിച്ച് മറിഞ്ഞു. കുളക്കട, നെടുവത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് പുത്തൂർ. പ്രധാന പട്ടണമായിട്ടും ഇവിടത്തെ തെരുവ് നായശല്യത്തിന് അറുതിവരുത്താൻ മൂന്ന് പഞ്ചായത്തുകളും മുൻകൈയെടുക്കുന്നില്ല. അടിയന്തരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൂർ ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിയതായി പ്രസിഡന്റ് പി.ഒ.മാത്യൂസ് ക്രിയേറ്റീവ് അറിയിച്ചു.