popular

കൊല്ലം: പത്തനംതിട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കേസിൽ ഇനിയും കണ്ടെത്താനുള്ളത് ശതകോടികളുടെ ആസ്തി. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് 125കോടിയുടെ ആസ്തികൾ മാത്രമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതിയുള്ള കേസിൽ ശേഷിക്കുന്ന സമ്പാദ്യം കൂടി കണ്ടെത്തിയാലേ അന്വേഷണം പൂർണമാകൂ. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നേരിട്ടും ബിനാമി പേരുകളിലും ഇവർ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.തട്ടിപ്പിൽ മുഖ്യ ആസൂത്രകനായ തൃശൂർ സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ഉടമകൾക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഈ തെളിവുകൾ എൻഫോഴ്‌സ്‌മെന്റിന് കൈമാറി. പിടിയിലായവരെ ഉടൻ എൻഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യും.

പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകൾ നടത്തിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിശോധിക്കുന്നത്.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48ഏക്കർ സ്ഥലം, ആന്ധ്ര പ്രദേശിൽ 22ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകൾ, വാകയാറിന് പുറമേ പൂനെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം എന്നിങ്ങനെ 125കോടിയോളം രൂപയുടെ ആസ്തികളാണ് ഇതുവരെ കണ്ടെത്തിയത്.

കൂടുതൽ സ്വത്തുവിവരങ്ങളെപ്പറ്റിയും തട്ടിപ്പിന്റെ ആസൂത്രണത്തെപ്പറ്റി മനസിലാക്കാനും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഇതിനായി വരുംദിവസങ്ങളിലും ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കഴിഞ്ഞഒരാഴ്ചയായി അന്വേഷണ സംഘത്തിന്റെ കസ്റ്റ‌ഡിയിൽ കഴിയുന്ന പോപ്പുലർ ഫിനാൻസ് ഡയറക്ടർമാരായ റോയി ഡാനിയേൽ, പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരെ ഇന്ന് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കും. അതിന് ശേഷം 15 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേരളത്തിന് പുറത്ത് കൂടുതൽ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും. ഇതുവരെ നടത്തിയ പരിശോധനയിൽ പ്രതികളുടെ 13 വാഹനങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു.