pen
വവ്വാക്കാവ് - മണപ്പള്ളി റോഡിൽ മുല്ലശേരി മുക്കിന് കിഴക്ക് വശം വെള്ളക്കെട്ടിലകപ്പെട്ട പെൻഷൻ ഭവൻ

കൊല്ലം: കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന വവ്വാക്കാവ് - മണപ്പള്ളി റോഡ് ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിച്ചപ്പോൾ നാട്ടുകാർ ഏറെ സന്തോഷിച്ചു. ഗ്രാമീണ റോഡിന്റെ ദേശീയ പാതയ്ക്ക് സമാനമായുള്ള വികസനമാണ് നാട്ടുകാരെ സന്തുഷ്ടരാക്കിയത്. എന്നാൽ പണി പൂർത്തിയാക്കി കരാറുകാരൻ പോയശേഷമാണ് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത എട്ടിന്റെ പണിയായ കാര്യം നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടത്. ദേശീയപാതയിലെ വവ്വക്കാവ് ജംഗ്ഷനിൽ നിന്ന് ഓച്ചിറ, കുലശേഖരപുരം, തഴവ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുന്നത്തൂർ, മാവേലിക്കര, അടൂർ ഭാഗങ്ങളിലേക്ക് പോകാവുന്ന റോഡാണിത്. വെള്ളക്കെട്ടാകുന്ന സ്ഥലങ്ങളെല്ലാം പൊതുമരാമത്ത് വിഭാഗം പൊളിച്ച് മണ്ണിട്ട് ഉയർത്തിയാണ് റോഡ് പുതുക്കിപ്പണിതതെങ്കിലും വെള്ളം ഒഴുകിപോകാനുള്ള ഓടകളോ പൈപ്പ് ലൈനുകളോ സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിച്ചില്ല.വേനൽക്കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്ര് പ്രകാരം കോടികൾ മുടക്കി റോഡ് വീതിയും ഉയരവും ടാർ ചെയ്തു. റോഡിന്റെ ഉയരം കൂട്ടിയതനുസരിച്ച് വശങ്ങൾ മണ്ണിട്ട് ഉയർത്തിയില്ല. ഇത് കാരണം റോഡരികിലെ വീടുകളിൽ നിന്ന് വാഹനങ്ങൾ ഓടിച്ച് കയറ്റാനും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടുകയാണ്. മാത്രമല്ല കാലവർഷം ശക്തമായതോടെ റോഡിൽ നിന്നുള്ള വെള്ളം ഇരുവശങ്ങളിലെയും വീട്ടുമുറ്റങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് കാരണം പരിസരത്തെ മിക്ക വീടുകളും വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. കുരിശിൻമൂട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ പാലം പൊളിച്ച് പണിതെങ്കിലും പാലത്തിന്റെ ഇരുവശത്തും താഴെയുളള വീടുകളിലേക്ക് ഇറങ്ങാൻ റാമ്പ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തംഗം സലിം അമ്പിത്തറ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

വെള്ളക്കെട്ടായ സ്ഥലങ്ങൾ

#കൊറ്റമ്പള്ളി പള്ളി മുതൽ ആനക്കുഴിപ്പാലം വരെ

#മുല്ലശേരി ജംഗ്ഷൻ

#പിച്ചിനാട്ട് ജംഗ്ഷൻ മുതൽ തഴവയൽ തോട് വരെ

#കറുത്തേരി ജംഗ്ഷൻ മുതൽ ലക്ഷം മുക്ക് വരെ


# മണപ്പള്ളിമുതൽ വടിമുക്ക് വരെ വാട്ടർ അതോറിട്ടി

അഞ്ച് കോടിയുടെ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതായി അറിയിച്ചിട്ടുണ്ട്. പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് റോഡിന്റെ ഇരുവശവും തുരക്കേണ്ടതുണ്ട്. ഇത് കാരണമാണ് റോഡിന്റെ വശങ്ങൾ തൽക്കാലം ഗ്രാവലിട്ട് ഉയർത്താത്തത്. പൈപ്പ് സ്ഥാപിക്കുന്ന ജോലി പൂർത്തിയായാൽ റോഡിന്റെ വശങ്ങൾ മണ്ണിട്ട് ഉയർത്തും. കറുത്തേരിൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിച്ചേ മതിയാകൂ. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആനക്കുഴി പാലത്തിൽ റാമ്പ് നിർമ്മിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിന്റേതാണ്. വവ്വാക്കാവ് മുതൽ വടിമുക്ക് വരെ റോഡിന്റെ വശങ്ങൾ ഉടൻ മണ്ണിട്ട് ഉയർത്തുന്നതിന് നടപടി കൈക്കൊള്ളും

- അസി. എക്സി ക്യുട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് .