thalir

 കർഷകരെ ചേർത്തുനിറുത്തി വി.എഫ്.പി.സി.കെ വിപണികൾ

കൊല്ലം: കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിപണിയും മാന്യമായ വരുമാനവും നൽകി അവരെ ചേർത്തുപിടിക്കുകയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ). 24 സ്വാശ്രയ കർഷക വിപണികൾ, 16 ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയാണ് ജില്ലയിലെ കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വി.എഫ്.പി.സി.കെ അവസരമൊരുക്കിയത്.

വാണിജ്യാടിസ്ഥാനത്തിൽ പഴം, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന എല്ലാ കർഷകരെയും ഒരുമിച്ചുനിറുത്താൻ വി.എഫ്.പി.സി.കെയ്ക്ക് കഴിഞ്ഞു. മുൻപ് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിപണി ലഭിക്കാതിരുന്ന കർഷകർക്ക് വി.എഫ്.പി.സി.കെ നൽകുന്ന സഹായം ചെറുതല്ല. ഉദ്യോഗസ്ഥർ കർഷകരോടൊപ്പം അവരുടെ കൃഷിയിടങ്ങളിലും വിപണികളിലും നേരിട്ടെത്തുന്നു. ആവശ്യമായ കാർഷിക പരിശീലനവും സഹായവും എത്തിക്കുന്നു. സ്വന്തം ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ലേലം വിളിച്ച് നൽകാനും സ്വാശ്രയ കർഷക വിപണികളിൽ കർഷകർക്ക് അവസരമുണ്ട്.

വളം, വിത്ത്, കീടനാശിനി എന്നിവ വിപണികളുടെ അനുബന്ധ കേന്ദ്രങ്ങളിലൂടെ കർഷകർക്ക് ലഭ്യമാക്കുന്നു. സ്വാശ്രയ കർഷക വിപണികളിൽ അംഗമല്ലാത്തവർക്കും ഇവിടെയെത്തി ഉത്പന്നങ്ങൾ വിൽക്കാം.

 വി.എഫ്.പി.സി.കെ പ്രവർത്തന ഘടന

1. വാണീജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ കൂട്ടായ്‌മയാണ് വി.എഫ്.പി.സി.കെയുടെ പ്രാഥമിക ഘടകം

2. പത്ത് മുതൽ 30 വരെ സ്വാശ്രയ കർഷക സംഘങ്ങൾ ചേരുന്നതാണ് സ്വാശ്രയ കർഷക വിപണി

3. സ്വാശ്രയ കർഷക സംഘങ്ങളിലെ 'വിപണന മാസ്റ്റർ കർഷകർ' ചേർന്നാണ് സ്വാശ്രയ കർഷക വിപണിയുടെ ഭരണസമിതി രൂപീകരിക്കുന്നത്

4. ഇതോടെ കർഷകർ നേതൃത്വം നൽകുന്ന ഏറ്റവും വലിയ വിപണന ശൃംഖലയായി സ്വാശ്രയ കർഷക വിപണികൾ മാറി

5. ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം വിപണിയുടെ പ്രവർത്തന കമ്മിഷനായെടുക്കും

6. ഇതിന്റെ രണ്ട് മുതൽ അഞ്ച് ശതമാനം വരെ വിപണി അംഗങ്ങൾക്ക് ഓണക്കാലത്ത് ബോണസായി നൽകും

7. കർഷക വിപണിയിൽ അംഗത്വമെടുക്കാൻ സ്വാശ്രയ കർഷക സംഘങ്ങളെ സമീപിക്കാം

 സ്വാശ്രയ കർഷക വിപണി: 24

 ഉപവിപണി: 16

 കുറഞ്ഞ പലിശയിൽ വായ്‌പ

സ്വാശ്രയ കർഷക വിപണിയിലെ അംഗങ്ങൾക്ക് കൃഷി ചെയ്യാൻ വി.എഫ്.പി.സി.കെ മുഖേനെ കുറഞ്ഞ പലിശനിരക്കിൽ ബാങ്കുകൾ വായ്പ നൽകും. ലളിതമായ വ്യവസ്ഥകളാണ് ഉള്ളത്. കൃത്യമായി തവണകൾ തിരിച്ചടയ്ക്കുന്ന കർഷകരിൽ നിന്ന് കുറഞ്ഞ പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.

 ''

സ്വാശ്രയ കർഷക വിപണികളുടെ നേതൃത്വത്തിൽ പുത്തൂർ, പിറവന്തൂർ, ഓയൂർ, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളും കൊട്ടാരക്കരയിലും കൊല്ലം കടപ്പാക്കടയിലും തളിര് ഔട്ട്ലെറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

ഷീജ മാത്യു, ജില്ലാ മേനജർ, വി.എഫ്.പി.സി.കെ