chavara

കൊല്ലം: എങ്ങനെപോയാലും ഇക്കുറി ചവറ നമ്മള് പിടിക്കുമെന്നാണ് ഇരുമുന്നണികളുടെയും അവകാശ വാദം. ബി.ജെ.പിയാണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുമെന്ന ദൃഢനിശ്ചയത്തിലാണ്. ബി.ജെ.പി ഇത്തിരി കൂടുതൽ വോട്ട് പിടിച്ചാൽ ഇരുമുന്നണികളുടെയും കണക്കുക്കൂട്ടലുകൾ പിഴയ്ക്കും.

കഴിഞ്ഞ തവണ പിഴച്ചത് എവിടെയൊക്കെയെന്ന് യു.ഡി.എഫ് കൃത്യമായി പരിശോധിക്കുന്നുണ്ട്. അന്ന് സർക്കാരിനെതിരെ ഉണ്ടായിരുന്ന വികാരവും കുറെ വോട്ട് മറിച്ചു. ഇടത് മുന്നണിക്ക് അത്തരത്തിൽ മറിഞ്ഞുപോയ വോട്ടുകൾ അതേ നാണയത്തിൽ ഇപ്പുറത്താക്കാനാണ് യു.ഡി.എഫ് നീക്കം. അത്തരം വോട്ട് മറിയാനുള്ള ഒരുപാട് സാദ്ധ്യതകളാണ് യു.ഡി.എഫ് നേതാക്കൾ കാണുന്നത്. ഇപ്പോൾ മറിക്കുമെന്ന് പറഞ്ഞിരുന്ന് കഴിഞ്ഞ തവണത്തെപോലെയാവരുതെന്നാണ് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ പക്ഷം.

പക്ഷേ മറിക്കാൻ സമ്മതിക്കില്ലെന്നാണ് ഇടത് ക്യാമ്പുകളുടെ വാശി. ഷിബു ബേബി ജോണിന്റെ അമിത ആത്മവിശ്വാസത്തിലേയ്ക്കാണ് കഴിഞ്ഞ തവണ വിജയൻപിള്ള വിജയക്കൊടി ഇടിച്ചുകയറ്റിയത്. അതുപോലെ ഇക്കുറിയും മണ്ഡലം തങ്ങൾ നിലനിറുത്തുമെന്നാണ് ഇടതിന്റെ ഉറച്ച പക്ഷം. പക്ഷേ സർക്കാരിനെതിരായുള്ള പ്രശ്‌നങ്ങൾ നാൾക്കുനാൾ കൂടി വരുന്നത് പ്രവർത്തകരെയാകെ ചിന്താകുലരാക്കിയിട്ടുണ്ട്.

അതിനാൽ അവരും അത്ര ആത്മവിശ്വാസത്തിലേയ്ക്ക് പോകേണ്ടായെന്നാണ് ചവറയിലെ ചായക്കടകളിലെ ചർച്ച. നന്നായി പണിയെടുത്ത് വോട്ട് ചോർച്ച തടഞ്ഞ് വിജയരഥം ഉരുട്ടുമെന്നാണ് ഷിബു ബേബിജോണിന്റെ വിശ്വാസം. രഥം ആര് ഉരുട്ടുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് സി.പി.എമ്മിന്റെ ഉശിരൻ മറുപടി.